
ദില്ലി: കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു. സ്വമേധയാ എടുത്ത ഹർജിയിലാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് എല്ലായിടത്തും അതിഥി തൊഴിലാളികൾക്ക് റേഷൻ കൃത്യമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആരംഭിക്കാൻ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നിർദേശം നൽകി.
രാഷ്ട്ര നിർമാണത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന വിഭാഗങ്ങൾ കർഷകരും കുടിയേറ്റ തൊഴിലാളികളുമാണെന്ന് സുപ്രീം കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഉന്നയിച്ചാണ് അതിഥി തൊഴിലാളികൾക്ക് റേഷൻ നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടത്. കുടിയേറ്റ തൊഴിലാളികൾക്ക് ഏതു വിധേനയും റേഷൻ കാർഡ് നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ആഹാര വസ്തുക്കൾ ഇവർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ജസ്റ്റിസുമാരായ എംആർ ഷാ, ബിവി നഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ ഉത്തരവ്.
രാജ്യത്ത് റേഷൻ കാർഡ് ലഭിക്കുന്ന വെബ് പോർട്ടലുകളിൽ കുടിയേറ്റ തൊഴിലാളികൾ രജിസ്റ്റർ ചെയ്യണമെന്നില്ലെന്ന് ഉത്തരവിൽ പറയുന്നുണ്ട്. അതിനാൽ കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ എത്തി ഇവരെ രജിസ്റ്റർ ചെയ്യിപ്പിക്കണം എന്ന് സുപ്രീം കോടി പറയുന്നു. നിലവിലെ കണക്കനുസരിച്ച് 60,980 കുടിയേറ്റ തൊഴിലാളികളാണ് തെലങ്കാന സംസ്ഥാനത്ത് മാത്രമുള്ളത്. ഇവിടെ വെറും 14,000 പേർക്ക് മാത്രമാണ് റേഷൻ കാർഡുള്ളത്. 75 ശതമാനത്തിനും റേഷൻ കാർഡില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കർശന നിർദേശം നൽകിയത്.
അവിവാഹിതയായത് കൊണ്ട് ഗർഭഛിദ്രം നിഷേധിക്കാനാവില്ല
അവിവാഹിതയാണെന്ന കാരണം ചൂണ്ടിക്കാട്ടി ഗർഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നീരീക്ഷണം. ഗർഭം 24 ആഴ്ച്ച പിന്നിട്ട യുവതിക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകിക്കൊണ്ടാണ് കോടതിയുടെ നീരീക്ഷണം. ഗർഭഛിദ്രം നടത്തുന്നത് സുരക്ഷിതമാണോയെന്ന് പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ദില്ലി എംയിസിന് നിർദ്ദേശം നൽകി. ഇതുവഴി യുവതിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ ഗർഭഛിദ്രം നടത്താമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ഒരാഴ്ചക്കകം കോടതിയിൽ റിപ്പോർട്ടായി സമർപ്പിക്കാൻ എയിംസ് ഡയറക്ടർക്ക് കോടതി നിർദ്ദേശം നല്‍കി. യുവതിയുടെ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam