'എല്ലാ ഭീകരവാദികളും പഠിക്കുന്നത് മദ്രസകളില്‍'; വിവാദമായി ബിജെപി നേതാവിന്‍റെ പ്രസ്താവന

By Web TeamFirst Published Oct 21, 2020, 12:14 PM IST
Highlights

ജമ്മുകശ്മീര്‍ തീവ്രവാദത്തിന്‍റെ ഫാക്ടറിയായി, എല്ലാ തീവ്രവാദികളും ഭീകരവാദികളും മദ്രസയില്‍ പഠിച്ചവരാണെന്നത് നിങ്ങള്‍ കാണുന്നില്ലേയെന്നാണ് ഉഷ താക്കൂറിന്‍റെ പ്രസ്താവന.

ഭോപ്പാല്‍: എല്ലാ ഭീകരവാദികളും പഠിക്കുന്നത് മദ്രസകളിലാണെന്ന ബിജെപി നേതാവിന്‍റെ പ്രസ്താവന വിവാദമാകുന്നു. മധ്യപ്രദേശിലെ സാംസ്കാരിക മന്ത്രിയും ഇന്‍ഡോറില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ ഉഷാ താക്കൂറിന്‍റേതാണ് വിവാദ പ്രസ്താവന. മതം അടിസ്ഥാനമാക്കിയുള്ള പഠനം തീവ്രവാദം വളര്‍ത്തുമെന്ന് ഉഷ താക്കൂര്‍ പറഞ്ഞതായാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജമ്മുകശ്മീര്‍ തീവ്രവാദത്തിന്‍റെ ഫാക്ടറിയായി, എല്ലാ തീവ്രവാദികളും ഭീകരവാദികളും മദ്രസയില്‍ പഠിച്ചവരാണെന്നത് നിങ്ങള്‍ കാണുന്നില്ലേയെന്നാണ് ഉഷ താക്കൂറിന്‍റെ പ്രസ്താവന. എല്ലാ കുട്ടികള്‍ക്കും ഓരേ രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം വരണമെന്നും ഉഷ താക്കൂര്‍ പറയുന്നു. നേരത്തെ ഗർബ പരിപാടികളില്‍ മുസ്ലിം യുവാക്കള്‍ പങ്കെടുക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി നേതാവ് കൂടിയാണ് ഉഷ താക്കൂര്‍. 

മദ്രസകള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തലാക്കാനുള്ള ശ്രമത്തിലാണ് താനെന്നും മദ്രസകള്‍ക്ക് കുട്ടികളെ ദേശീയതയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും ഉഷ താക്കൂര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ വ്യക്തിപരമായി ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ അതിന് ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകള്‍ അനുസരിച്ച് ചെയ്യാമെന്നും അവര്‍ പറയുന്നു. സർക്കാർ ചെലവിൽ നടത്തുന്ന മദ്രസകളും സംസ്കൃതശാലകളും അടച്ചുപൂട്ടാൻ അടുത്തിടെ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉഷ താക്കൂറിന്‍റെ പരാമര്‍ശം. 

click me!