
ദില്ലി: അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് വൃക്ക മാറ്റിവയ്ക്കൽ സംഘം പ്രവർത്തിച്ചു എന്ന റിപ്പോർട്ടുകളിൽ അന്വേഷണം പ്രഖ്യാപിച്ച് ദില്ലി സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ദില്ലി സർക്കാർ അന്വേഷണ സമിതി രൂപീകരിച്ചത്. മ്യാൻമറിലെ ഗ്രാമീണരെ പണം നൽകി വൃക്കദാനത്തിന് പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. എന്നാൽ ഉയർന്ന ആരോപണത്തിൽ ആശുപത്രിക്ക് ഒരു പങ്കുമില്ലെന്നാണ് അപ്പോളോ ഗ്രൂപ്പിൻ്റെ പ്രതികരണം.
യുകെ ആസ്ഥാനമായുള്ള ടെലഗ്രാഫ് ദിനപത്രം പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങളിലാണ് ദില്ലി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. മ്യാൻമറിലെ ഗ്രാമീണ യുവാക്കളെ ചൂഷണം ചെയ്ത് ആശുപത്രി കേന്ദ്രീകരിച്ച് വൃക്ക റാക്കറ്റ് പ്രവർത്തിക്കുന്നു എന്നായിരുന്നു റിപ്പോർട്ട്. അടുത്ത ബന്ധുക്കളിൽ നിന്നേ വൃക്ക സ്വീകരിക്കാവൂ എന്നാണ് രാജ്യത്തെ നിലവിലെ നിയമം. അല്ലാത്തവരിൽ നിന്ന് കർശന ഉപാധികളോടെ പ്രത്യേക സാഹചര്യങ്ങളിലേ വൃക്ക സ്വീകരിക്കാനാകൂ. വിദേശികളായ രോഗികളുടെ കാര്യത്തിൽ എംബസികളിൽ നിന്ന് സമ്മതപത്രം വാങ്ങണം എന്ന ചട്ടവുമുണ്ട്. എന്നാൽ ബന്ധുവാണെന്ന വ്യാജ രേഖകളുണ്ടാക്കി മ്യാൻമറിലെ ഗ്രാമീണരെ ദില്ലിയിലെത്തിച്ച് വൃക്കമാറ്റിവയ്ക്കൽ നടത്തിയെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അപ്പോളോ ആശുപത്രി മ്യാൻമറിൽ നിയോഗിച്ച പ്രതിനിധി വ്യാജരേഖയും കുടുംബ ഫോട്ടോകളും ഉണ്ടാക്കുന്നതിൻ്റെ വിവരം രോഗിയുടെ ബന്ധുവെന്ന് നടിച്ച റിപ്പോർട്ടറോട് വെളിപ്പെടുത്തിയതിന് തെളിവുണ്ടെന്നും പത്രം പറയുന്നു. പത്മശ്രീ നല്കി രാജ്യം ആദരിച്ച ഡോക്ടർ സന്ദീപ് ഗുലെരിയയുടെ നേതൃത്വത്തിലാണ് ചില ശസ്ത്രക്രിയകൾ നടന്നത്.
30 ലക്ഷം രൂപ മുതലാണ് മുതലാണ് ഇതിനായി ഈടാക്കിയത്. വൃക്കമാറ്റിവയ്ക്കലിന് അനുമതി നൽകിയ കമ്മിറ്റിക്കു മുമ്പാകെ എത്തിയ രേഖകൾ ദില്ലി സർക്കാർ പരിശോധിക്കും. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ളതെന്ന് അപ്പോളോ ആശുപത്രി പ്രതികരിച്ചു. മ്യാൻമറിലെ പ്രതിനിധിയായ ഡോക്ടറെ പുറത്താക്കിയെന്നും അപ്പോളോ സ്ഥിരീരീകരിച്ചു. അതേസമയം, ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ആശുപത്രികളിലൊന്നിനെക്കുറിച്ചുള്ള ഈ റിപ്പോർട്ട് ആരോഗ്യരംഗത്ത് വലിയ ചർച്ചയായി മാറുകയാണ്.
'ഇന്ത്യ' സഖ്യത്തിൽ നേതാവിനായി തർക്കം മുറുകുന്നു; കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്ന്
https://www.youtube.com/watch?v=y-b9nWZN2t0
https://www.youtube.com/watch?v=Ko18SgceYX8