
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് വനിതാ എംഎൽഎ ഓടിച്ച ബസ് അപകടത്തിൽ പെട്ടെന്ന വാർത്തകൾ തെറ്റാണെന്ന് വിശദീകരണം. സ്ത്രീകൾക്കായി സൌജന്യ ബസ് സർവീസ് സ്കീം അവതരിപ്പിക്കുന്ന വേളയിലായിരുന്നു കോലാർ ഗോൾഡ് ഫീൽഡ്സിലെ എംഎൽഎ രൂപകല എം. ശശിധർ ബസ് ഓടിച്ചത്. വണ്ടി ജനങ്ങളെ ഇടിച്ചുവെന്ന വാർത്ത തെറ്റാണെന്നും അത് വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്നും രൂപകല പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ബസിന്റെ ഡ്രൈവർ സീറ്റിലിരിക്കുന്ന എം എൽ എ രൂപകലയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഡ്രൈവിങ് സീറ്റിലിരുന്ന രൂപകലയക്ക് പിന്നിലായി ഡ്രൈവർമാരും സ്ത്രീകളും നിൽക്കുന്നത് വീഡിയോയിൽ കാണാം. ബസിന്റെ ഗിയർ മാറ്റാൻ ഡ്രൈവർ സഹായിക്കുന്നതും വീഡിയോയിലുണ്ട്. പതുക്കെയാണെങ്കിലും ആയിരക്കണക്കിന് പേർ ചുറ്റും കൂടി നിൽക്കുമ്പോൾ 100 മീറ്റർ ദുരമെങ്കിലും രൂപകല ബസ് ഓടിച്ചിട്ടുണ്ട്. അതേസമയം, തനിക്ക് ഡ്രൈവിങ് അറിയാമെന്നും എന്നാൽ ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസില്ലെന്നും അത് നിയമലംഘനമാണെന്നും അവർ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കർണാടകയിൽ കോൺഗ്രസിന്റെ പ്രധാന വാഗ്ദാനമായ സ്ത്രീകൾക്ക് സൗജന്യയാത്ര പദ്ധതിയായ ശക്തി യോചനെയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസമാണ് നിർവഹിച്ചത്. സിദ്ധരാമയ്യ ബസ് കണ്ടക്ടറുടെ വേഷത്തിലെത്തി സ്ത്രീകൾക്ക് ടിക്കറ്റ് മുറിച്ച് നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് ശക്തി പദ്ധതി.
പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ബിഎംടിസി ബസിൽ യാത്ര ചെയ്യുകയും സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു. മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സർവീസുകൾ ഒരേസമയം ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു. ഇിതന്റെ ഭാഗമായിട്ടായിരുന്നു രൂപകലയും പരിപാടിയിൽ പങ്കെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam