
ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ജ്വാലാപൂർ പ്രദേശത്ത് ബജ്‌റംഗ്ദൾ നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതായി ആരോപിക്കപ്പെട്ടതിനെത്തുടർന്ന് സംഘർഷം. പൊലീസും ജില്ലാ അധികൃതരും ഉടൻ തന്നെ സ്ഥലത്തെത്തി. കല്ലെറിഞ്ഞവർക്കെതിരെ നടപടിയെടുക്കുമെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് ഉറപ്പ് നൽകി. ഞായറാഴ്ച വൈകുന്നേരം ബജ്‌റംഗ്ദൾ 'ശൗര്യ യാത്ര' സംഘടിപ്പിച്ചിരുന്നു. ഹരിദ്വാറിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചതെന്നും ജ്വാലാപൂരിലെ രാം ചൗക്കിൽ എത്തിയ ഉടനെയാണ് കല്ലേറ് നടന്നതെന്നും അവർ ആരോപിച്ചു. ചിലർ ബുൾഡോസറുമായി സംഭവസ്ഥലത്ത് എത്തി. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, പൊലീസും അധികൃതരുമെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു. ഘോഷയാത്ര രാം ചൗക്കിൽ എത്തിയപ്പോൾ ചിലർ കല്ലെറിഞ്ഞുവെന്ന് ബജ്രംഗ്ദൾ സംസ്ഥാന പ്രസിഡന്റ് അനുജ് വാലിയ ആരോപിച്ചു. ഹരിദ്വാറിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നിരിക്കുന്നു, മതപരമായ ഘോഷയാത്രകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഭരണകൂടത്തിന്റെ പരാജയമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഘോഷയാത്രയ്ക്ക് നേരെ സാമൂഹിക വിരുദ്ധർ കല്ലെറിഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹരിദ്വാർ സിറ്റി പോലീസ് സൂപ്രണ്ട് അഭയ് പ്രതാപ് സിംഗ് പറഞ്ഞു. തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ ശേഷം കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam