
ദില്ലി: വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ. പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കാൻ തയ്യാറെന്ന് സർക്കാർ അറിയിച്ചു. ആരോപണം ഉന്നയിക്കപ്പെട്ട ഓരോ വിഷയത്തിലും ചർച്ചക്ക് സന്നദ്ധമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. തെരുവിൽ അരാജകത്വത്തിന് ശ്രമിക്കാതെ രാഹുൽ ഗാന്ധി ചർച്ചക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കുന്ന ഇന്ത്യ സഖ്യത്തിന്‍റെ പൊതുകുറ്റവിചാരണ ഇന്ന് നടക്കും. ഇന്നത്തെ പൊതു കുറ്റവിചാരണയുടെ സമയക്രമത്തിൽ മാറ്റമുണ്ട്. രണ്ടരയ്ക്ക് എന്നാണ് ജയറാം രമേശ് അറിയിച്ചതെങ്കിൽ എഐസിസി അറിയിപ്പ് മൂന്നരയ്ക്ക് എന്നാണ്. ഇന്നലെ നടത്താനിരുന്ന പരിപാടി മഴ കാരണം മാറ്റിവച്ചെന്നായിരുന്നു വിശദീകരണം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പരസ്യ വിചാരണയില്‍ മുന്‍ ലോക് സഭ സ്പീക്കര്‍ മീരാ കുമാര്‍ പ്രതീകാത്മക സ്പീക്കറാകും. രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖര്‍ഗെ ഗ്യാനേഷിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും. എം പിമാരും ഇന്ത്യ സഖ്യ നേതാക്കളും സംസാരിക്കും. വോട്ടർ പട്ടിക പരിഷ്ക്കരണത്തോടെ വോട്ടവകാശം ഇല്ലാതായവരും അനുഭവങ്ങള്‍ പങ്കുവെക്കും. പൗരാവകാശ സംഘടന നേതാക്കളും പ്രസംഗിക്കും. ഒടുവില്‍ രാഹുല്‍ ഗാന്ധി മറുപടി നൽകും. പിന്നാലെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി സ്പീക്കര്‍ മീരാകുമാര്‍ പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തും.
പ്രതികൂല കാലാവസ്ഥയാണ് ഇന്നലത്തെ പരിപാടി ഇന്നത്തേക്ക് മാറ്റാൻ കാരണമായി ഇന്ത്യ സഖ്യം പറഞ്ഞതെങ്കിലും ഐക്യമില്ലായ്മയാണ് കാരണമെന്നാണ് ബിജെപിയുടെ പരിഹാസം. പ്രതികൂല കാലാവസ്ഥയും മഴയുമൊന്നുമല്ല, ഇന്ത്യ മുന്നണിക്കുള്ളിലെ അസ്വാരസ്യവും ഐക്യമില്ലായ്മയുമാണ് പരിപാടി മാറ്റാൻ കാരണമെന്നാണ് ബി ജെ പി ദേശീയ വക്താവ് സമ്പീത് പത്ര അഭിപ്രായപ്പെട്ടത്. പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച പലരും പിന്മാറിയെന്നും സമ്പീത് പത്ര ആരോപിച്ചു.
പാർലമെന്‍റിനെ അപമാനിക്കുന്നതിനോട് ആ മുന്നണിയിലെ പലരും എതിർപ്പ് അറിയിച്ചെന്നും മോക്ക് പാർലമെന്‍റ് എന്ന പേര് ജനകീയ കുറ്റവിചാരണയാക്കി മാറ്റിയത് പോലും ഈ സമ്മർദ്ദം കൊണ്ടാണെന്നും സമ്പിത് പത്ര ആരോപിച്ചു. രാംലീല മൈതാനത്ത് നവംബർ 1 ന് പ്രഖ്യാപിച്ച മഹാറാലിക്കെത്തുന്നവരെ തടയുന്നുവെന്ന കോൺഗ്രസ് ആരോപണവും ബി ജെ പി തള്ളി. ഒരിടത്തും ആരെയും തടയുന്നില്ല. അങ്ങനെ തടയുന്നുണ്ടെങ്കിൽ അതിന്‍റെ തെളിവ് ഹാജരാക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നുവെന്നും സമ്പീത് പത്ര വ്യക്തമാക്കി. റാലിക്ക് ആളെ കിട്ടാത്തതിനാൽ വ്യാജപ്രചാരണം നടത്തുകയാണെന്നും സമ്പീത് പത്ര കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam