രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷം അല്‍പേഷ് താക്കൂര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു; അല്‍പേഷ് വോട്ട് ചെയ്തത് ബിജെപിക്കെന്ന് കോണ്‍ഗ്രസ്

By Web TeamFirst Published Jul 5, 2019, 6:49 PM IST
Highlights

ഒബിസി നേതാവായ അല്‍പേഷ് താക്കൂര്‍ കഴിഞ്ഞ ഏപ്രിലില്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് അവഹേളിച്ചെന്നും അവഗണിച്ചെന്നും കുറ്റപ്പെടുത്തിയായിരുന്നു.

അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരായ അല്‍പേഷ് താക്കൂറും ധവാല്‍സിംഗ് സലയും സ്ഥാനം രാജിവച്ചു. വെള്ളിയാഴ്ച നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇരുവരും രാജിവച്ചത്. ഇരുവരും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമര്‍പ്പിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍, നിര്‍ഭാഗ്യമെന്ന് പറയട്ടെ അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് എംഎല്‍എ എന്ന സ്ഥാനം രാജിവക്കുകയാണെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒബിസി നേതാവായ അല്‍പേഷ് താക്കൂര്‍ കഴിഞ്ഞ ഏപ്രിലില്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് അവഹേളിച്ചെന്നും അവഗണിച്ചെന്നും കുറ്റപ്പെടുത്തിയായിരുന്നു രാജി. ശേഷം ഇരുവരും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ സീറ്റ് ക്രമം പ്രകാരം ബിജെപിക്കും കോണ്‍ഗ്രസിനും ഓരോ അംഗങ്ങളെ വീതം രാജ്യസഭയിലേക്ക് അയക്കാം. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ഒബിസി നേതാവ് ജുഗ്ലാജി താക്കൂര്‍ എന്നിവരെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ചന്ദ്രിക ചുദാസമ, ഗൗരവ് പാണ്ഡ്യ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അമിത് ഷാ എന്നിവര്‍ ലോക്സഭ എംപിമാരായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സ്ഥാനാര്‍ത്ഥികളെയും ജയിപ്പിക്കാനാണ് രണ്ട് തവണയായി തെര‍ഞ്ഞെടുപ്പ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കൂറുമാറാതിരിക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്നു.

click me!