
ദില്ലി: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസ് ആണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. വിദ്വേഷം വളർത്തുന്ന രീതിയിൽ ഇടപെടൽ നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്.
മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് 2018 ൽ ചെയ്ത ട്വീറ്റിന്‍റെ പേരിലാണ്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി കസ്റ്റഡി തേടുമെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി എന്ന് പ്രതീക് സിൻഹ പറഞ്ഞു. അഭിഭാഷകനോടോ സുഹൃത്തുക്കളോടോ പൊലീസ് സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ നെയിം ടാഗ് ധരിച്ചിരുന്നില്ലെന്നും പ്രതീക് സിൻഹ പറഞ്ഞു.
മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് രംഗത്തു വന്നു. വ്യാജ അവകാശവാദങ്ങൾ തുറന്ന് കാണിക്കുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ എന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു. അമിത്ഷായുടെ ദില്ലി പോലീസിന് എന്നോ പ്രൊഫഷണലിസവും സ്വാതന്ത്ര്യവും നഷ്ടമായെന്നും അദ്ദേഹം വിമര്‍ശിച്ചു.
വിദ്വേഷവും വെറുപ്പും നുണകളും തുറന്നു കാട്ടുന്നവർ ബി ജെ പിക്ക് ഭീഷണിയാണ് എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിന്റെ ഒരു ശബ്ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്നു വരും. സത്യം സ്വേച്ഛാധിപത്യത്തിന് മേൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് സത്യത്തിന് എതിരായ ആക്രമണമെന്ന് ശശി തരൂർ പ്രതികരിച്ചു. സത്യാനന്തരകാലത്ത് തെറ്റായ വിവരങ്ങൾ തുറന്നുകാട്ടുന്ന മാധ്യമമായിരുന്നു ആൾട്ട് ന്യൂസ് എന്നും തരൂർ അഭിപ്രായപ്പെട്ടു.
അറസ്റ്റിനെ അപലപിച്ച് സിപിഎമ്മും രംഗത്തെത്തി. വിദ്വേഷ പ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ. ദില്ലി പോലീസിന്റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവും ആണ് എന്നും സിപിഎം പ്രതികരിച്ചു.