ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യമില്ല; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി

Published : Jul 02, 2022, 02:43 PM ISTUpdated : Jul 29, 2022, 12:23 PM IST
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യമില്ല; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി

Synopsis

1983 ലെ  കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ദില്ലി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചു. സുബൈർ സമർപ്പിച്ച ജാമ്യപേക്ഷ പട്യാല ഹൗസ് കോടതി തള്ളി. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ സുബൈറിനെ വിട്ടു. 1983 ലെ  കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐ‍ഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്‍റെ  അടിസ്ഥാനത്തിലാണ്  നടപടിയുണ്ടായത്. 

2021ൽ തുടങ്ങിയ ട്വിറ്റർ ഹാൻഡിലാണ് 2018 ലെ ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത്.  ദില്ലി പൊലീസ് സ്വയം കേസെടുക്കുകയായിരുന്നു എന്നും വ്യക്തമായി.  സബ് ഇന്‍സ്പെക്ടർ അരുണ്‍ കുമാർ‍ ആണ്  പരാതിക്കാരനെന്ന് എഫ്ഐആർ പറയുന്നു. 2020 ല്‍ കോടതി സംരക്ഷണം ലഭിച്ച ഒരു കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ അറിയിച്ചു. ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്ത ഇന്‍റലിജന്‍സ് ഫ്യൂഷന്‍ ആന്‍റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് ആണ് സുബൈറിനെതിരെയും നടപടിയെടുത്തത്. രാത്രി തന്നെ ബുറാഡിയിലെ മജിസ്ട്രേറ്റിന്‍റെ വസതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

മുഹമ്മദ് സുബൈറിനെതിരെ വിദേശ വിനിമയച്ചട്ട ലംഘന കുറ്റവും ചുമത്തി ദില്ലി പൊലീസ്

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ വിദേശ വിനിമയ ചട്ടലംഘന കേസ് കൂടി ചുമത്തി ദില്ലി പൊലീസ്. മുഹമ്മദ് സുബൈറിന് വിദേശ ഫണ്ട് ലഭിച്ചുവെന്ന് ആരോപിച്ചാണ് വിദേശ വിനിമയ ചട്ടത്തിലെ സെക്ഷൻ 35 കൂടി എഫ്ഐആറിൽ കൂട്ടിച്ചേർത്തത്. നേരത്തെ മുഹമ്മദ് സുബൈറിനെതിരെ മത വികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഈ വകുപ്പുകൾ പ്രകാരം സുബൈർ കുറ്റം ചെയ്തുവെന്നതിന് തെളിവുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. മുഹമ്മദ് സുബൈർ തെളിവ് നശിപ്പിച്ചു എന്നും ഗൂഢാലോചന നടത്തിയെന്നും ദില്ലി പൊലീസ് ആരോപിച്ചു. കേസിൽ അതുൽ ശ്രീവാസ്തവയെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്