ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍, രാഷ്ട്രീയത്തിനും ബോളിവുഡിനുമിടയിലെ പാലം; അമര്‍സിംഗിന് വിട

By Web TeamFirst Published Aug 1, 2020, 9:05 PM IST
Highlights

ഒരു വശത്ത് അമിതാഭ് ബച്ചന്‍, മറുവശത്ത് അംബാനി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കിംഗ്മേക്കറായി വിലസിയ അമര്‍സിംഗ് വന്‍ ബന്ധങ്ങള്‍ മറച്ചുവയ്ക്കാതെ ആഘോഷിച്ച നേതാവുകൂടിയാണ്.

ദില്ലി: രണ്ട് പതിറ്റാണ്ട് ഇന്ത്യയുടെ അധികാര രാഷ്ട്രീയത്തില്‍ കിംഗ്മേക്കറായി വിഹരിച്ച നേതാവാണ് അമര്‍സിംഗ്. മുലായം സിംഗ് യാദവിനെ ദേശീയ നേതാവാക്കിയതില്‍ വലംകൈയ്യായി നിന്ന അമര്‍സിംഗ് ദില്ലി കണ്ട പല നാടകങ്ങളിലും കര്‍ട്ടന് പിന്നിലും മുന്നിലും പ്രധാന പങ്കുവഹിച്ചു. രാഷ്ട്രീയത്തിനും ബോളിവുഡിനും
ഇടയിലെ പാലം കൂടിയായിരുന്നു ഒരിക്കല്‍ അമര്‍സിംഗ്.

ഒരു വശത്ത് അമിതാഭ് ബച്ചന്‍, മറുവശത്ത് അംബാനി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കിംഗ്മേക്കറായി വിലസിയ അമര്‍സിംഗ് വന്‍ ബന്ധങ്ങള്‍ മറച്ചുവയ്ക്കാതെ ആഘോഷിച്ച നേതാവുകൂടിയാണ്. തൊണ്ണൂറുകളില്‍ മണ്ഡല്‍ രാഷ്ട്രീയത്തിലൂടെ ഉത്തര്‍പ്രദേശില്‍  വളര്‍ന്ന മുലായംസിംഗിന് ലക്‌നൗവില്‍ നിന്ന് ദില്ലിയിലേക്കുള്ള ആ അറുന്നൂറ് കിലോമീറ്റര്‍ സഞ്ചാരിക്കാനുള്ള പാതയൊരുക്കിയതില്‍ അമര്‍സിംഗിന് നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. 

അസംഗഢിലെ താക്കൂര്‍ കുടുംബത്തില്‍ ജനിച്ച് ആദ്യം യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന അമര്‍സിംഗ് പിന്നീട് സമാജ്വാദി പാര്‍ട്ടിയുടെ കരുത്തനായ ജനറല്‍ സെക്രട്ടറിയായി വളര്‍ന്നു. 1996ലെ ഐക്യമുന്നണി സര്‍ക്കാരില്‍ മുലായം സിംഗ് പ്രതിരോധ മന്ത്രിയായപ്പോള്‍ ഭരണത്തിന്റെ ചരടുകള്‍ അമര്‍സിംഗിന്റെ കൈയ്യിലായി. എസ്പിയിലെ മുലായംസിംഗ് യാദവിന്റെ സഹോദരന്‍മാരെ പോലും പിന്നണിയിലാക്കിയായിരുന്നു അമര്‍സിംഗിന്റെ ഉദയം. ഉത്തര്‍പ്രദേശിലും പിന്നീട് ദില്ലിയിലും രാഷ്ട്രീയപ്രതിസന്ധി രൂപം കൊണ്ടപ്പോഴൊക്കെ അമര്‍സിംഗ് അവസരം മുതലെടുത്തു. 

രണ്ടായിരത്തിനാലില്‍ 41 സീറ്റുമായി എസ്പി വലിയ ശക്തിയായെങ്കിലും ഇടതുപക്ഷത്തിന്റെ പിന്തുണ വാങ്ങിയ സോണിയ ഗാന്ധി മുലായം സിംഗിനെ അവഗണിച്ചു. അന്ന് ആദ്യ യുപിഎ വിരുന്നിന് തന്റെ കാറില്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് അമര്‍സിംഗിനെ പത്ത് ജന്‍പഥിലേക്ക് കൊണ്ടു പോയെങ്കിലും സോണിയ ഗാന്ധി കണ്ടതായി ഭാവിച്ചില്ല. 2008ല്‍ ഇടതുപക്ഷ പിന്തുണ പിന്‍വലിച്ചപ്പോള്‍ അതേ അമര്‍സിംഗിനെ കോണ്‍ഗ്രസ് ആശ്രയിച്ചു. 

പാര്‍ലമെന്‍ിലേക്ക് നോട്ടുകെട്ടുമായി എംപിമാര്‍ വന്നതുള്‍പ്പടെയുള്ള നാടകങ്ങളില്‍ അഹമ്മദ് പട്ടേലിനൊപ്പം നിന്ന് അമര്‍സിംഗ് ചരടുവലിച്ചു. അഖിലേഷ് യാദവിന്റെ ഉയര്‍ച്ചയോടെ അമര്‍സിംഗിന്റെ പ്രതാപം അവസാനിച്ചു. ഇടനിലക്കാരന്‍ എന്ന് അഖിലേഷ് വിളിച്ചപ്പോള്‍ ഡിംപിള്‍ യാദവുമായുള്ള വിവാഹം നടത്താന്‍ താന്‍ മാത്രമേ കുടെയുണ്ടായിരുന്നുള്ളു എന്ന് ഓര്‍മ്മിപ്പിച്ച് അമര്‍സിംഗ് തിരിച്ചടിച്ചു. പല സുപ്രധാനഘട്ടങ്ങളിലും അമര്‍സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചിരുന്നു.

സിനിമ, വ്യവസായ ലോകങ്ങളുമായി ദില്ലി രാഷ്ട്രീയത്തിന്റെ പാലമായിരുന്ന, ജീവിതവും രാഷ്ട്രീയവും ആഘോഷമാക്കിയ  അമര്‍സിംഗ് ഇന്ത്യ കണ്ട പല നിര്‍ണ്ണായക മൂഹൂര്‍ത്തങ്ങളിലും സാന്നിധ്യം അറിയിച്ചാണ് വിടവാങ്ങുന്നത്.

click me!