
ദില്ലി: പഞ്ചാബ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനത്തെ മുതിർന്ന നേതാവും പാർട്ടി മുഖവുമായ അമരീന്ദർ സിംഗിനെ മാറ്റി കോൺഗ്രസ് നടത്തുന്നത് വലിയ ചൂതാട്ടമാണ്. ഹൈക്കമാൻഡിനും അമരീന്ദർ സിംഗിനും ഇടയിൽ ഏറെ നാളത്തെ ശീതസമരത്തിനൊടുവിൽ കൂടിയാണ് ഈ രാജി. അമരീന്ദർ സിംഗിനെതിരെ പഞ്ചാബിൽ പടയൊരുക്കം തുടങ്ങിയിട്ട് ഏറെ നാളായി. ഒരു വർഷം മുമ്പ് അമരീന്ദറിനെ മാറ്റാൻ ഹൈക്കമാൻഡ് ആലോചന നടത്തിയിരുന്നു. പഞ്ചാബിൽ അധികാരത്തിൽ വന്ന നാൾ മുതൽ അമരീന്ദർ സിംഗ് സ്വന്തം നിലയ്ക്കാണ് ഭരണം നടത്തിയത്. രാഹുൽ ഗാന്ധിയുടെ നിർദ്ദേശങ്ങൾ പോലും ചെവിക്കൊണ്ടില്ല. നവ്ജോത് സിംഗ് സിദ്ദുവിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. സിദ്ദുവിൻറെ ഭാര്യയ്ക്ക് അമൃത്സർ സീറ്റ് നൽകാൻ തയ്യാറായില്ല. ഇതെല്ലാം ഹൈക്കമാൻഡിനും തലവേദനയായിരുന്നു.
എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിനു ശേഷം ഏറ്റവും കൂടുതൽ പാർട്ടി എംപിമാരെ പഞ്ചാബിൽ നിന്ന് നൽകിയ അമരീന്ദറിനെ തൊടാൻ കോൺഗ്രസ് ഹൈക്കമാൻഡിന് കഴിയുമായിരുന്നില്ല. എന്നാൽ ഏകാധിപത്യ നിലപാടുകൾ പാർട്ടിയിൽ കടുത്ത എതിർപ്പിനിടയാക്കി. അവസരം നോക്കി നവ്ജോത് സിംഗ് സിദ്ദുവിനെ ആദ്യം പിസിസി അദ്ധ്യക്ഷനാക്കി. അപ്പോഴും തെരഞ്ഞെടുപ്പ് വരെ അമരീന്ദർ തുടരട്ടെ എന്നായിരുന്നു ഹൈക്കമാൻഡ് തീരുമാനം. എന്നാൽ അതോടൊപ്പം എതിർ ഗ്രൂപ്പിനെ ഹൈക്കമാൻഡ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആംആദ്മി പാർട്ടിയിലേക്ക് പോകും എന്ന് എംഎൽഎമാർ പ്രഖ്യാപിച്ചതോടെ അമീരന്ദറിന് പിടിച്ചു നില്ക്കാൻ കഴിയാതായി. എഐസിസി സർവ്വെകളിൽ ക്യാപ്റ്റനെതിരെ ഭരണവിരുദ്ധവികാരമുണ്ട് എന്ന സൂചനകളും വന്നു.
അമരീന്ദര്‍ സിംഗ് - സിദ്ദു പോര്
കാലങ്ങളായുള്ള അമരീന്ദര്‍ സിംഗ് - സിദ്ദു പോരില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ക്യാപ്റ്റന്റെ രാജിയോടെയുണ്ടായത്. എല്ലാ നീക്കത്തിന് പിന്നിലും നവജ്യോത് സിംഗ് സിദ്ദുവിന്‍റെ ഇടപെടലുമുണ്ട്. നാല്‍പത് എംഎല്‍എമാര്‍ അമരീന്ദര്‍സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയതിലും സിദ്ദുവിന് പങ്കുണ്ടെന്നാണ് അമരീന്ദർ വിഭാഗം ആരോപിക്കുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കാത്ത മുഖ്യമന്ത്രിയുമായി മുന്‍പോട്ട് പോകാനാവില്ലെന്നും തമ്മിലടിയില്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയെന്നും ഇത്തരത്തിൽ മുന്നോട്ട് പോയാൽ അത് വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ കത്തില്‍ എംഎല്‍എമാര്‍ വ്യക്തമാക്കിയതോടെയാണ് 'ക്യാപ്റ്റൻ ഔട്ട് ' എന്നതിലേക്ക് എത്തിയത്.
ക്യാപ്റ്റൻ ഇനി നിൽക്കുമോ? അതോ പുറത്തേക്കോ?
അപമാനിക്കപ്പെട്ടു എന്ന് തുറന്ന് പറഞ്ഞ സ്ഥിതിക്ക് ക്യാപ്റ്റന്റെ തുടർന്നുള്ള നിലപാട് എന്താകുമെന്നതിൽ അഭ്യൂഹം നിലനിൽക്കുകയാണ്. തൽക്കാലം കമൽനാഥും ഭൂപീന്ദർ സിംഗ് ഹൂഡയും അമരീന്ദറിനെ പാർട്ടിയിൽ നിറുത്താനുള്ള ശ്രമത്തിലാണ്. ഇരുവരും ഫോണിൽ വിളിച്ച് അമരിന്ദറിനെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.
ഓപ്പറേഷൻ ബ്ളൂസ്റ്റാർ സമയത്ത് ഇന്ദിരഗാന്ധിയെ എതിർത്ത അമരീന്ദർ സിംഗിന് സിഖ് സമുദായത്തിനിടയിൽ നല്ല സ്വീകാര്യതയുണ്ട്. അതിനാൽ പഞ്ചാബിൽ പുതിയ നേതാവിനെ ലാൻഡ് ചെയ്യാൻ ക്യാപ്റ്റൻ അനുവദിക്കുമോ എന്ന് കണ്ടറിയേണ്ടി വരും. കോൺഗ്രസിലെ എതിർപ്പുയർത്തുന്ന മുതിർന്ന നേതാക്കളുടെ ഗ്രൂപ്പിനും ക്യാപ്റ്റന്റെ ഈ പുറത്തു പോക്ക് ഒരു സന്ദേശമാണ്. അതോടൊപ്പം അവസരവും.
പഞ്ചാബിനെ നയിക്കാൻ ഇനിയാര്
പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് അധ്യക്ഷ തീരുമാനിക്കട്ടെയെന്നാണ് നിയമസഭ കക്ഷി യോഗത്തിലെ തീരുമാനം. ഡിസിസി അധ്യക്ഷൻ നവജ്യോത് സിദ്ദു പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നേക്കില്ലെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍, അംബിക സോണി തുടങ്ങിയവരുടെ പേരുകള്‍ ക്യാപ്റ്റന് പകരം ഹൈക്കമാന്‍ഡിന്‍റെ പരിഗണനയിലുണ്ടെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam