
ചെന്നൈ: നീറ്റ് പരീക്ഷക്കെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഏകോപിപ്പിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത്. പിണറായി വിജയനുൾപ്പെടെ മൂന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. നീറ്റിനെതിരെ തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാൻ കൂട്ടായ സമ്മർദ്ദം ചെലുത്തുകയാണ് സ്റ്റാലിന്‍റെ ലക്ഷ്യം.
നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ്ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകൾക്കുള്ള ഭാരിച്ച ചെലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധിയാണെന്ന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാജൻ കമ്മിറ്റി കണ്ടെത്തിയിരുന്നു. സാമൂഹിക നിതീ ഉറപ്പാക്കാനായി ഈ കമ്മീഷന്‍റെ ശുപാർശകൾ ഉൾപ്പെടുത്തിയാണ് പുതിയ ബിൽ തയ്യാറാക്കിയത്.
എന്നാൽ കേന്ദ്ര നിയമത്തിൽ വരുത്തുന്ന ഭേദഗതിയായതിനാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം വേണം. എൻഡിഎ സഖ്യകക്ഷിയായ എഐഎഡിഎംകെ സർക്കാരിന്‍റെ കാലത്ത് കൊണ്ടുവന്ന സമാന ബിൽ രാഷ്ട്രപതി തള്ളിയിരുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ കൂടി സ്റ്റാലിൻ തേടുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുമായി ഇതിനകം ചർച്ച നടത്തി.
വരും ദിവസങ്ങളിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. നീറ്റ് പരീക്ഷപ്പേടിയിൽ തമിഴ്നാട്ടിൽ ഒരാഴ്ച്ചക്കിടെ മൂന്ന് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇതിനെല്ലാം ഉത്തരവാദി ഡിഎംകെ സർക്കാരെന്ന ആരോപണവുമായി എഐഎഡിഎംകെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് നീറ്റിനെതിരെ നിയമപരവും രാഷ്ട്രീയവുമായ നീക്കം ശക്തമാക്കാൻ ഡിഎംകെ സർക്കാർ തീരുമാനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam