
അമൃത്സർ: ബിജെപിയുമായി (BJP) സഖ്യം പ്രഖ്യാപിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ (Amarinder Singh) കടന്നാക്രമിച്ച് പഞ്ചാബ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു (Navjot Sidhu). പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുമ്പോൾ മുൻ മുഖ്യമന്ത്രിയായ അമരീന്ദർ സിംഗ് വീട്ടിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകൾ നക്കുകയാണെന്ന് സിദ്ദു തുറന്നടിച്ചു. അമരീന്ദർ സിംഗിനെ അഹങ്കാരിയായ രാജാവ് എന്നാണ് സിദ്ദു വിശേഷിപ്പിച്ചത്.
ഒരിക്കൽ സിദ്ദുവിനായുള്ള വാതിലുകൾ അടഞ്ഞു എന്നാണ് ക്യാപ്റ്റൻ പറഞ്ഞത്. എന്നാൽ, ഇപ്പോൾ അയാൾ വീട്ടിലിരുന്ന് പ്രധാനമന്ത്രിയുടെ കാലുകൾ നക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു യോഗത്തിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ അമരീന്ദറിനെതിരെ സിദ്ദു രൂക്ഷവിമര്‍ശനങ്ങൾ ഉന്നയിച്ചത്.
നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള തർക്കങ്ങൾക്കും നീണ്ട പോരുകൾക്കും ഒടുവിൽ നവംബർ രണ്ടിനാണ് അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചത്. തുടർന്ന് ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടുകയായിരുന്നു. അമരീന്ദർ സിംഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസുമായി ചേർന്ന് പഞ്ചാബിൽ സഖ്യത്തിലായ ബിജെപി 70-80 സീറ്റുകളിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപിയുടെ പഞ്ചാബിന്റെ ചുമതല കൂടി വഹിക്കുന്ന കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെ ദില്ലിയിലെത്തി കണ്ട ശേഷമാണ് അമരീന്ദര്‍ സിംഗ് സഖ്യം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒന്നിച്ച് പോരാടുമെന്നും വിജയം സുനിശ്ചിതമാണെന്നും അമരീന്ദര്‍ സിംഗ് അന്ന് പറഞ്ഞിരുന്നു.