
ദില്ലി: രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി 2.51 കോടി രൂപ നല്‍കുമെന്ന് മുകേഷ് അംബാനിയും കുടുംബവും. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയപ്പോഴായിരുന്നു അംബാനി കുടുംബത്തിന്റെ പ്രഖ്യാപനം. അയോധ്യ രാമക്ഷേത്രം ഏറെ സാംസ്‌കാരിക പ്രാധാന്യമുള്ളതാണെന്നും അംബാനി കുടുംബം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
രാജ്യത്തിന്റെ പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായിയെന്നും രാമക്ഷേത്രം കാണാന്‍ ഇവിടെ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നുവെന്നാണ് നിത അംബാനി പറഞ്ഞത്. ആനന്ദ് അംബാനി, പ്രതിശ്രുത വധു രാധിക മെര്‍ച്ചന്റ്, റിലയന്‍സ് ജിയോ സിഇഒ ആകാശ് അംബാനി, ഭാര്യ ശ്ലോക മേത്ത, ഇഷ അംബാനി, ഭര്‍ത്താവ് ആനന്ദ് പിരമല്‍ എന്നിവര്‍ക്കൊപ്പമാണ് മുകേഷ് അംബാനി ചടങ്ങിനെത്തിയത്.
അതേസമയം, പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നീണ്ട തപസ്യക്കൊടുവില്‍ അയോധ്യയില്‍ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികില്‍ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിര്‍മാണം വൈകിയതില്‍ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയുള്ള കാലവും ഈ ദിവസം രാജ്യം ഓര്‍ത്തു വയ്ക്കും. ഇത് വൈകാരിക നിമിഷമാണ്. രാം ലല്ല ഇപ്പോള്‍ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണെന്നും പുതിയ ഇതിഹാസം ഇവിടെ കുറിക്കുകയാണെന്നും മോദി പറഞ്ഞു. 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനില്‍ സമര്‍പ്പിച്ചു. കേരളത്തിലെ തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി. പല ഭാഷകളില്‍ രാമായണം കേട്ടു. വിജയത്തിന്റെ മാത്രമല്ല വിനയത്തിന്റേത് കൂടിയാണ് ഈ അവസരം. മൂല്യങ്ങളുടെ വിജയമാണ് രാമക്ഷേത്രം. അടുത്ത ആയിരം വര്‍ഷങ്ങളിലേക്കുള്ള രാഷ്ട്ര നിര്‍മ്മാണത്തിന് ഇന്ന് ഉചിതമായ ദിനമാണ്. നിസാരനാണെന്ന ഭാവം ഉപേക്ഷിച്ച് രാഷ്ട്ര സേവനത്തിന് രാമനെ മാതൃകയാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.