
ചെന്നൈ: അയോധ്യയിലെ പ്രാണ പ്രതിഷ്ട ചടങ്ങ് സംബന്ധിച്ച് തനിക്കെതിരായ ബിജെപി എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിന് മറുപടിയുമായി ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. 'ഈ തെറ്റുകാരെ തിരിച്ചറിയൂ. ഇവര്‍ രാമക്ഷേത്രത്തെ എതിര്‍ക്കുന്നു. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നു', എന്ന ഹിന്ദിയിലുള്ള ബിജെപി പോസ്റ്റിനാണ് ഉദയനിധിയുടെ പ്രതികരണം. 'ഹിന്ദി തെരിയാത്, പോടാ' എന്ന് എഴുതിയ ചുവന്ന നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചു കൊണ്ടായിരുന്നു ഉദയനിധിയുടെ മറുപടി.
അയോധ്യയില്‍ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ഡിഎംകെ എതിര്‍ക്കുന്നില്ല. എന്നാല്‍ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ല. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇത് പരാമർശിച്ച് കൊണ്ടായിരുന്നു ബിജെപിയുടെ എക്സ് പോസ്റ്റ്.
അതേസമയം, പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നീണ്ട തപസ്യക്കൊടുവില്‍ അയോധ്യയില്‍ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികില്‍ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിര്‍മാണം വൈകിയതില്‍ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയുള്ള കാലവും ഈ ദിവസം രാജ്യം ഓര്‍ത്തു വയ്ക്കും. ഇത് വൈകാരിക നിമിഷമാണ്. രാം ലല്ല ഇപ്പോള്‍ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണെന്നും പുതിയ ഇതിഹാസം ഇവിടെ കുറിക്കുകയാണെന്നും മോദി പറഞ്ഞു. 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനില്‍ സമര്‍പ്പിച്ചു. കേരളത്തിലെ തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി. പല ഭാഷകളില്‍ രാമായണം കേട്ടു. വിജയത്തിന്റെ മാത്രമല്ല വിനയത്തിന്റേത് കൂടിയാണ് ഈ അവസരം. മൂല്യങ്ങളുടെ വിജയമാണ് രാമക്ഷേത്രം. അടുത്ത ആയിരം വര്‍ഷങ്ങളിലേക്കുള്ള രാഷ്ട്ര നിര്‍മ്മാണത്തിന് ഇന്ന് ഉചിതമായ ദിനമാണ്. നിസാരനാണെന്ന ഭാവം ഉപേക്ഷിച്ച് രാഷ്ട്ര സേവനത്തിന് രാമനെ മാതൃകയാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇടുക്കിയിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു; ഒപ്പമുണ്ടായിരുന്ന കുട്ടി ഓടി രക്ഷപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam