
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബമായ അംബാനിമാർ തങ്ങളുടെ ആഡംബര വാഹനങ്ങളുടെയും സ്വകാര്യ വിമാനങ്ങളുടെയും ശേഖരത്തിലേക്ക് ഒരു പുതിയ ഹെലികോപ്റ്റർ കൂടി ചേർത്തു. 150 കോടി രൂപ വിലവരുന്ന എയർബസ് എസിഎച്ച് 160 ഹെലികോപ്റ്ററിന് അംബാനി കുടുംബം പൂജ നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കുടുംബത്തിൻ്റെ പൂജാരിയായ പണ്ഡിറ്റ് ചന്ദ്രശേഖർ തന്നെയാണ് പൂജയുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അദ്ദേഹം സ്ഥലത്തെത്തി, ഹെലികോപ്റ്ററിന് മുൻഭാഗത്ത് തിലകം ചാർത്തിക്കൊണ്ടാണ് പൂജകൾ ആരംഭിച്ചത്. തുടർന്ന് പൈലറ്റുമാരുടെയും റിലയൻസ് ഇൻഡസ്ട്രീസ് ജീവനക്കാരുടെയും നെറ്റിയിൽ തിലകം ചാർത്തി. ഹെലികോപ്റ്ററിന് ചുറ്റും പൂക്കളും പുണ്യജലവും തളിച്ച് അനുഗ്രഹം തേടുകയും ചെയ്തു.
വിപണിയിലെ ഏറ്റവും നൂതനവും വിലയേറിയതുമായ ഹെലികോപ്റ്ററുകളിൽ ഒന്നാണ് എയർബസ് എസിഎച്ച് 160. 1300 ബിഎച്ച്പി കരുത്തുള്ള രണ്ട് സഫ്രാൻ അറാനോ 1എ ടർബോഷാഫ്റ്റ് എൻജിനുകളാണ് ഇതിനുള്ളത്. മണിക്കൂറിൽ 255 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ഹെലികോപ്റ്ററിന് ഒരു തവണ ഇന്ധനം നിറച്ചാൽ 890 കിലോമീറ്റർ വരെ പറക്കാൻ സാധിക്കും. പൈലറ്റുമാരെ കൂടാതെ 12 യാത്രക്കാർക്ക് വരെ ഇരിക്കാനുള്ള സൗകര്യവും ഇതിനുണ്ട്.
ഏതാനും മാസങ്ങൾക്ക് മുൻപ് ഭാഗങ്ങളായി ട്രെയിലറിൽ കയറ്റി സുരക്ഷാ അകമ്പടിയോടെ ഹെലികോപ്റ്റർ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഛത്രപതി ശിവജി മഹാരാജ് ഡൊമസ്റ്റിക് ടെർമിനൽ ടി1ബിയിലേക്ക് എത്തിച്ച ഈ ഹെലികോപ്റ്ററിനാണ് ഇപ്പോൾ പൂജ നടത്തിയിരിക്കുന്നത്.