അംബേദ്ക്കറിന്റെ പ്രതിമ തകർത്ത് മാലിന്യക്കൂമ്പാരത്തിൽ‌ തള്ളി; അന്വേഷണത്തിന് ഉത്തരവിട്ടു

By Web TeamFirst Published Apr 14, 2019, 1:57 PM IST
Highlights

അംബേദ്ക്കർ ജയന്തി ആഘോഷത്തിന്റെ ഭാ​ഗമായി ഹൈദരാബാദ് സെൻട്രൽ മാളിന് സമീപം പ്രതിഷ്ഠിക്കാൻ തയ്യാറാക്കിയ അംബേദ്ക്കറിന്റെ പ്രതിമയാണ് തകർത്തനിലയിൽ മാലിന്യക്കൂമ്പാരത്തിൽ കണ്ടത്തിയത്.  

ഹൈദരാബാദ്: ഡോ. ബിആർ അംബേദ്ക്കറിന്റെ പ്രതിമ തകർത്ത് മാലിന്യക്കൂമ്പാരത്തിൽ‌ തള്ളിയ സംഭവത്തിൽ അന്വേഷത്തിന് ഉത്തരവിട്ടു. അംബേദ്ക്കർ ജയന്തി ആഘോഷത്തിന്റെ ഭാ​ഗമായി ഹൈദരാബാദ് സെൻട്രൽ മാളിന് സമീപം പ്രതിഷ്ഠിക്കാൻ തയ്യാറാക്കിയ അംബേദ്ക്കറിന്റെ പ്രതിമയാണ് തകർത്തനിലയിൽ മാലിന്യക്കൂമ്പാരത്തിൽ കണ്ടത്തിയത്.  

ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് പ്രതിമ പ്രതിഷ്ഠിക്കുന്നതിനായി ജയ് ഭീം സൊസൈറ്റി പ്രവർത്തകർ മാളിന് സമീപം എത്തിയത്. ഞായറാഴ്ച നടക്കാനിരിക്കുന്ന അംബേദ്ക്കർ ജയന്തിയോട് അനുബന്ധിച്ചാണ് അംബേദ്ക്കറിന്റെ പ്രതിമ സ്ഥാപിക്കാൻ‌ സം​ഘടനാ പ്രവർത്തകർ തീരുമാനിച്ചത്. എന്നാൽ മാളിന് സമീപം എത്തിയ പ്രവർത്തകരെ പ്രതിമ സ്ഥാപിക്കുന്നതിൽനിന്ന് ​ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോ​ഗസ്ഥർ തടഞ്ഞു. 

പ്രതിമ സ്ഥാപിക്കുന്നതിന് അനുവാദമില്ലെന്ന് കാണിച്ചാണ് പ്രവർത്തകരെ ഉദ്യോ​ഗസ്ഥർ തടഞ്ഞത്. അനുവാദം വാങ്ങിയിട്ടാണ് എത്തിയതെന്ന് പറഞ്ഞിട്ടും ഉദ്യോ​ഗസ്ഥർ പ്രതിമ പ്രതിഷ്ഠിക്കാൻ അനുവദിച്ചില്ല. കൂടാതെ പുലർച്ചെ നാല് മണി വരെ പ്രതിമ പിടിച്ച വയ്ക്കുകയും ചെയ്തു. പിന്നീട് കോഡ്ല വിജയ ഭാസ്ക്കർ റെഡ്ഡി സ്റ്റേഡിയത്തിലേക്ക് ഉദ്യോ​ഗസ്ഥർ പ്രതിമ കയറ്റി അയച്ചു. തെലങ്കാന ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇവിഎം യന്ത്രങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ സ്റ്റേഡിയത്തിൽ പ്രതിമ സൂക്ഷിക്കാനാകില്ലായിരുന്നു. അവിടെനിന്ന് പ്രതിമ കോർപ്പറേഷൻ യാർഡിലേക്കും തുടർന്ന് ജവഹർ ന​ഗറിലേക്കും മാറ്റി. മാലിന്യം ശേഖരിക്കുന്ന ട്രക്കിലാണ് പ്രതിമ കടത്തിയത്. ന​ഗരത്തിലെ മാലിന്യങ്ങൾ തള്ളുന്ന പ്രധാന പ്രദേശമാണ് ജവഹർ ന​ഗർ.

അംബേദ്ക്കറിന്റെ പ്രതിമ ജവഹർ ന​ഗറിലേക്ക് മാറ്റുന്ന വിവരം അറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. തെലങ്കാനയിലെ കീസാരയിൽ എത്തിയ പ്രതിഷേധക്കാർ പ്രതിമ ജവഹർ ന​ഗറിലേക്ക് മാറ്റുന്നത് തടഞ്ഞു. തുടർന്നാണ് പ്രതിമ തകർന്നത് പ്രതിഷേധക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രതിമ തകർന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കലഹത്തിനിടയിൽ തകർന്നതാണെന്നായിരുന്നു ഉദ്യോ​ഗസ്ഥരുടെ മറുപടി. പിന്നീട് ഉദ്യോ​ഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ തർ‌ക്കമുണ്ടാകുകയും പൊലീസെത്തി ആൾക്കൂട്ടത്തെ നീക്കം ചെയ്യുകയുമായിരുന്നു. 
 
തുടർന്ന് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ പ്രതിമയ്ക്ക് സമീപം അംബേദ്ക്കറുടെ പ്രതിമ സ്ഥാപിച്ചു. സംഭവത്തിൽ  അന്വേഷണത്തിന് ഉത്തരവിട്ടതായി മുനിസിപ്പൽ കമ്മീഷണർ എം ദാന കിഷോർ പറ‍ഞ്ഞു. മാലിന്യം നിറയ്ക്കുന്ന ട്രക്കിൽ അംബേദ്ക്കറുടെ പ്രതിമ കടത്തിയവർക്കെതിരേയും കമ്മീഷൻ നടപടിയെടുത്തു, 
  

click me!