കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്ന സംഭവം: ഗുണ്ടാ നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി

Published : Nov 21, 2023, 06:27 PM IST
കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്ന സംഭവം: ഗുണ്ടാ നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി

Synopsis

കേരളത്തില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യം തെങ്കാശിയില്‍ തളളാനെത്തിയ വാഹനം കയ്യോടെ പിടിച്ചതാണ് കേസിന് ആസ്പദമായ സംഭവം.

ചെന്നൈ: ബയോ മെഡിക്കൽ മാലിന്യം (ബിഎംഡബ്ല്യുഎം) നീക്കം ചെയ്യുന്നത് സംബന്ധിച്ച ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാൻ ഗുണ്ടാ ആക്റ്റില്‍ ഭേദഗതി വരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. 1982ലെ 14-ാം ആക്ടിൽ ഭേദഗതി കൊണ്ടുവരണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിരീക്ഷിച്ചത്. കേരളത്തില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യം തെങ്കാശിയില്‍ തളളാനെത്തിയ വാഹനം കയ്യോടെ പിടിച്ചതാണ് കേസിന് ആസ്പദമായ സംഭവം. ഈ വാഹനം വിട്ടുനല്‍കാന്‍ ആലങ്ങുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനെതിരെ ആലങ്ങുളം പോലീസ് നൽകിയ റിവിഷൻ ഹർജിയിലാണ് ജസ്റ്റിസ് കെ കെ രാമകൃഷ്ണന്‍ ഗുണ്ടാ ആക്റ്റ് സംബന്ധിച്ച നിരീക്ഷണം നടത്തിയത്.

ആലങ്ങുളം - തിരുനെൽവേലി റോഡിലെ കുറുവൻകോട്ട ഗ്രാമത്തിൽ മാലിന്യം തള്ളാൻ, കേരളത്തില്‍ നിന്നെത്തിയ വാഹനത്തിലെ ഡ്രൈവർ ശ്രമിച്ചപ്പോൾ ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിൽ കയ്യോടെ പിടികൂടിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വാഹനം ആലങ്ങുളം പൊലീസിന് കൈമാറി. പൊലീസ് കേസെടുക്കുകയും വാഹനം പിടികൂടുകയും ചെയ്തു. എന്നാൽ ചില നിബന്ധനകളോടെ വാഹനം വിട്ടുനൽകാൻ ആലങ്ങുളം മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു. മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ് തെറ്റാണെന്ന് നിരീക്ഷിച്ച മധുര ബെഞ്ചിലെ ജസ്റ്റിസ് രാമകൃഷ്ണൻ ഉത്തരവ് റദ്ദാക്കി.

ആശുപത്രികളിൽ നിന്ന് 75 കിലോമീറ്ററിനപ്പുറത്തേക്ക് ജൈവ - മെഡിക്കൽ മാലിന്യങ്ങൾ കൊണ്ടുപോകുന്നത് ബിഎംഡബ്ല്യുഎം നിയമങ്ങൾ വിലക്കുന്നുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ബയോമെഡിക്കൽ മാലിന്യം കടത്തുന്നത് പൊതുജനങ്ങൾക്കും പരിസ്ഥിതിക്കും അപകടമുണ്ടാക്കുമെന്ന അറിവോടെ തന്നെ വാഹന ഉടമ ഗുരുതരമായ നിയമലംഘനം നടത്തിയെന്നും ജഡ്ജി നിരീക്ഷിച്ചു. ബിഎംഡബ്ല്യുഎം നിയമങ്ങൾ ലംഘിച്ചത് മാത്രമല്ല പ്രശ്നമെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തില്‍ നിന്ന് ചെക്ക്പോസ്റ്റ് വഴി മാലിന്യം കടത്തിവിടരുതെന്ന 2018ലെ ഡിവിഷന്‍ ബെഞ്ച് ഉത്തരവും ലംഘിക്കപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. പരിസ്ഥിതി നശീകരണം നിയന്ത്രിക്കാനും പാരിസ്ഥിതിക നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നത് ഉറപ്പാക്കാനുമുള്ള ഹൈക്കോടതികളുടെ കടമ ഓർമിപ്പിക്കുന്ന സുപ്രീംകോടതി വിധിയും ജഡ്ജി സ്മരിച്ചു.

ബിഎംഡബ്ല്യുഎം നിയമങ്ങൾ ലംഘിക്കുന്നവരെ 'ഗുണ്ട' എന്ന നിർവചനത്തിന് കീഴിൽ കൊണ്ടുവരുന്നതിനോട് തമിഴ്നാട് അഡ്വക്കേറ്റ് ജനറല്‍ അനുകൂലിച്ചു. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മെഡിക്കൽ മാലിന്യം കൊണ്ടുപോകുന്ന വ്യക്തികളെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജസ്റ്റിസ് രാമകൃഷ്ണൻ പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം