മാവോയിസ്റ്റ് ഭീഷണി വിലയിരുത്തി അമിത് ഷാ: സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യം കുറഞ്ഞു വരുന്നതായി കേരളം

By Asianet MalayalamFirst Published Sep 26, 2021, 4:58 PM IST
Highlights

മധ്യപ്രദേശ്, തെലങ്കാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ബീഹാർ, ഒഡീഷ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളം, പശ്ചിമബംഗാൾ, ഛത്തീസ് ഗഡ്, ആന്ധ്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. 

ദില്ലി: മാവോയിസ്റ്റ് സാന്നിധ്യമുള്ള (maoist threat)  കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (amit sha). മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പത്ത് സംസ്ഥാനങ്ങൾ ചർച്ചയിൽ പങ്കെടുത്തു. രാജ്യത്തെ മാവോയിസ്റ്റ് വെല്ലുവിളി പരിശോധിക്കുകയാണ് യോഗത്തിൻ്റെ അജൻഡ. മധ്യപ്രദേശ്, തെലങ്കാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ബീഹാർ, ഒഡീഷ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളം, പശ്ചിമബംഗാൾ, ഛത്തീസ്ഗഢ്, ആന്ധ്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

മധ്യപ്രദേശ്, തെലങ്കാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ബീഹാർ, ഒഡീഷ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളം, പശ്ചിമബംഗാൾ, ഛത്തീസ് ഗഡ്, ആന്ധ്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രണ്ട് ഘട്ടമായിട്ടാണ് ചർച്ച നടക്കുന്നത്. 

മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാവെല്ലുവിളിയും സായുധ സേനകളുടെ പ്രവര്‍ത്തനങ്ങളുമാണ് ആദ്യഘട്ടത്തിൽ അവലോകനം  ചെയ്തത്. സുരക്ഷാ സംവിധാനങ്ങള്‍ കൂട്ടാന്‍ കേന്ദ്ര സഹായം വർധിപ്പിക്കുമെന്ന് യോഗത്തിൽ അമിത് ഷാ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിലുണ്ടായ മാവോയിസ്റ്റ് ആക്രമങ്ങളും അവയെ പ്രതിരോധിക്കാൻ സ്വീകരിച്ച് മാർഗങ്ങളും യോഗം വിലയിരുത്തി. 

മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിക്കുന്ന പ്രത്യേക സംഘങ്ങളുടെ ആധുനികവൽക്കരണം അടക്കമുള്ള നടപടികളും യോഗത്തിൽ ചർച്ചയാകും. നക്സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനമാണ് രണ്ടാംഘട്ട അജണ്ട. പ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ, എന്നിവയുടെ നിർമ്മാണവും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതും ഇവിടേക്ക് കൂടുതൽ വികസനപ്രവർത്തനങ്ങൾ എത്തിക്കുന്നത് സംബന്ധിച്ചും രണ്ടാംഘട്ടത്തിൽ തീരുമാനമുണ്ടാകും. 

നിലവിൽ 45 ജില്ലകളിലാണ് മാവോയിസ്റ്റ് പ്രവർത്തനം വ്യാപകമാണെന്നാണ് കേന്ദ്രസർക്കാറിന്‍റെ കണ്ടെത്തൽ. 2019-ൽ 61 ജില്ലകളിൽ മാവോയിസ്റ്റ് ഭീഷണിയുള്ളതായി കേന്ദ്രസർക്കാർ വിലയിരുത്തിയിരുന്നു. അതേസമയം കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം കുറഞ്ഞു വരുന്നതായി ചർച്ചയിൽ സംസ്ഥാന സർക്കാർ അറിയിച്ചു. മാവോയിസ്റ്റുകളെ  കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന സർക്കാർ നയം വിജയം കണ്ടതായും കേരളം ചർച്ചയിൽ വ്യക്തമാക്കി. 

click me!