വിട്ടുവീഴ്ച ചെയ്ത് ശിവസേന: മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സീറ്റുധാരണ ഇന്നറിയാം

By Web TeamFirst Published Sep 22, 2019, 7:41 AM IST
Highlights

288 അംഗ നിയമസഭയിലേക്ക് തുല്യസീറ്റുകളില്‍ മത്സരിക്കണമെന്ന പിടിവാശിയില്‍ നിന്നും ശിവസേനയെ മയപ്പെടുത്താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സാധിച്ചിട്ടുണ്ട്.

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യത്തിന്റെ സീറ്റുധാരണ ഇന്നു പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിലെത്തുന്ന അമിത് ഷാ ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തും. തുടർന്ന് ഇരുവരും സംയുക്തമായി  സഖ്യധാരണ പ്രഖ്യാപിക്കുമെന്നാണ് സൂചന. 

288 അംഗ നിയമസഭയിലേക്ക് തുല്യസീറ്റുകളില്‍ മത്സരിക്കണമെന്ന പിടിവാശിയില്‍ നിന്നും ശിവസേനയെ മയപ്പെടുത്താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സാധിച്ചിട്ടുണ്ട്. 130 സീറ്റുകളെങ്കിലും വേണമെന്ന നിലപാടിലാണ് ഒടുവില്‍ ശിവസേന. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാൽ  കടുംപിടുത്തം തുടരാതെ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൂടുതൽ സീറ്റുകളിൽ വിജയിക്കാമെന്ന് ശിവസേന കണക്കു കൂട്ടുന്നു. 

ശിവസേനയുടെ യുവജനവിഭാഗമായ യുവസേനയുടെ അധ്യക്ഷനും ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അധികാരം നിലനിര്‍ത്തുന്ന പക്ഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് ലഭിക്കാനാണ് സാധ്യത. 

ഈ സാഹചര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി ബിജെപിയുമായി സഹകരിച്ചു പോകാമെന്നാണ് ശിവസേനയ്ക്ക് അകത്തുയര്‍ന്നിരിക്കുന്ന അഭിപ്രായം. 288  സീറ്റുകളിൽ  150 ലേറെ സീറ്റുകളിൽ ബിജെപിയും 110ലധികം സീറ്റുകളിൽ ശിവസേനയും  മൽസരിക്കാനാണ് സാധ്യതയെന്നാണ് സൂചന.

click me!