രാജ്യസഭയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ; ഭരണഘടനാ ചർച്ചയിൽ രാഹുലിനും കോൺഗ്രസിനും രൂക്ഷ വിമർശനം

Published : Dec 17, 2024, 07:47 PM IST
രാജ്യസഭയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ; ഭരണഘടനാ ചർച്ചയിൽ രാഹുലിനും കോൺഗ്രസിനും രൂക്ഷ വിമർശനം

Synopsis

ലോകത്തെ ഏറ്റവും മികച്ചതും സമ​ഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബിജെപി രാജ്യത്തെ ശക്തമാക്കാനാണ് 16 തവണ ഭേ​ദ​ഗതി കൊണ്ടുവന്നതെന്നും അമിത് ഷാ

ദില്ലി: രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും രാഹുലിൻ്റെ കൈയ്യിലെ ഭരണഘടന ശൂന്യമെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസ് 4 തവണ ജനങ്ങളുടെ അധികാരം ഇല്ലാതാക്കാനും, അന്വേഷണം നേരിടാതിരിക്കാനും വേണ്ടി ഭരണഘടന ഭേ​ദ​ഗതി ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തെ ഏറ്റവും മികച്ചതും സമ​ഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് പറഞ്ഞ അമിത് ഷാ ബിജെപി രാജ്യത്തെ ശക്തമാക്കാനാണ് 16 തവണയായി ഭേ​ദ​ഗതി കൊണ്ടുവന്നതെന്നും പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യ രൂപപ്പെട്ടപ്പോൾ പലരും രാജ്യം തകരുമെന്ന് കളിയാക്കിയെന്ന് അദ്ദേഹം പ്രസംഗത്തിൻ്റെ തുടക്കത്തിൽ പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിനെ പോലുള്ളവരുടെ പ്രവർത്തനഫലമായാണ് രാജ്യം ശക്തമായി ഇപ്പോഴും നിലനിൽക്കുന്നത്. ഇന്ത്യ ലോകത്തെ അ‍ഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി. ബ്രിട്ടനും ഇപ്പോൾ ഇന്ത്യക്ക് പിറകിലാണ്. ലോകത്തെ ഏറ്റവും മികച്ചതും സമ​ഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. 

കോൺ​ഗ്രസ് ഭരണഘടനയുടെ അന്തസ്സ് ഹനിക്കും വിധം കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഭേദഗതി തന്നെ ഇതിനായാണ്. കോൺഗ്രസ് 77 തവണ ഭരണഘടന ഭേദഗതി ചെയ്തു. ബിജെപി ഭരണഘടന ഭേദഗതി ചെയ്ത് വനിതാ സംവരണം കൊണ്ടുവരുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. സുപ്രീം കോടതി നിർദേശിച്ചതാണത്. സുപ്രീം കോടതിക്ക് വോട്ട് ബാങ്കുണ്ടോ? മുത്തലാഖ് റദ്ദാക്കിയതും വിദ്യാഭ്യാസ രം​ഗത്ത് സമ​ഗ്രമായ മാറ്റങ്ങൾ വരുത്തിയതും ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനിലെ രാജ്ഞിയുടെ വാച്ചിലെ സമയത്തിനനുസരിച്ച് വൈകീട്ടത്തെ ബജറ്റ് അവതരണം മാറ്റാൻ പോലും കോൺ​ഗ്രസിന് പറ്റിയില്ല. രാഹുൽ ​ഗാന്ധി 'ചീപ് പബ്ലിസിറ്റി'ക്ക് വേണ്ടിയാണ് ഭരണഘടനയെ ഉപയോഗിക്കുന്നത്. ഭരണഘടന കൈയ്യിൽ വെച്ച് കോൺഗ്രസ് കള്ളം പറയുകയാണ്. അടിയന്തരാവസ്ഥ കാലത്ത് ജയിലിലായവരുടെ പാർട്ടികൾ ഇപ്പോൾ കോൺ​ഗ്രസിനൊപ്പമുണ്ട്. ഇപ്പോൾ ആരോടൊപ്പമാണ് കമ്മ്യൂണിസ്റ്റുകാരെന്ന് ചോദിച്ച് അദ്ദേഹം ഇടതുപക്ഷത്തെ പരിഹസിച്ചു. അടിയന്തരാവസ്ഥ കാലത്ത് പാട്ടുകൾ പോലും കോൺഗ്രസ് നിരോധിച്ചു. ഇവരാണ് ജനാധിപത്യത്തെ പറ്റി പറയുന്നത്. ഇന്ദിരാ ഗാന്ധിക്കെതിരെ എഴുതിയ ദുഷ്യന്ത് കുമാറിന്റെ കവിത സഭയിൽ വായിച്ച് കൊണ്ടാണ് അമിത് ഷാ വിമർശനം ഉന്നയിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു