
വഡോദര: മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുതെന്ന് യുവാക്കളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2020ലെ ദേശീയ വിദ്യാഭ്യാസ നയം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാജ സയാജ്റാവു യൂണിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
"എല്ലാ ബിരുദധാരികളോടും എനിക്കു പറയാനുള്ളത്, ജീവിതത്തിൽ നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ പക്ഷേ മാതൃഭാഷയെ ഉപേക്ഷിക്കരുത് എന്നാണ്. എനിക്ക് മാതൃഭാഷയേ അറിയൂ എന്ന അപകർഷതാ ബോധത്തിൽ നിന്ന് പുറത്തുവന്നാൽ നിങ്ങൾ അംഗീകരിക്കപ്പെടും. ഭാഷ വികാരമാണ് അല്ലാതെ ഒരു വസ്തുവല്ല. അഭിപ്രായം പ്രകടിപ്പിക്കാൻ ഏത് ഭാഷയ്ക്കും കഴിയും. എന്നാൽ, മാതൃഭാഷയിൽ ഗവേഷണം നടത്തുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാൾക്ക് അതിന് പതിന്മടങ്ങ് കഴിയും. യുക്തമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവ് ഈ അപഗ്രഥനത്തിലൂടെ വർധിക്കും". അമിത് ഷാ ഹിന്ദിയിൽ പറഞ്ഞു.
വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച മാധ്യമം മാതൃഭാഷയാണ്. നമ്മുടെ രാജ്യത്തെ ഭാഷകൾക്ക് മികച്ച വ്യാകരണം, സാഹിത്യം. കവിത, ചരിത്രം എല്ലാമുണ്ട്. അവയെ പരിപോഷിപ്പിക്കാത്തിടത്തോളം നമ്മുടെ രാജ്യത്തെ പുരോഗതിയിലെത്തിക്കാൻ നമുക്ക് കഴിയില്ല. ഇക്കാരണത്താലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയത്തിൽ മാതൃഭാഷാ പഠനം നിർബന്ധിതമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam