പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യം വിലയിരുത്തി അമിത് ഷാ

By Web TeamFirst Published Nov 10, 2022, 6:22 AM IST
Highlights

സൈബര്‍ സെക്യൂരിറ്റി, തീവ്രവാദ പ്രവര്‍ത്തനം ചെറുക്കല്‍, രാജ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. എല്ലാ രീതിയിലും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി

രാജ്യസുരക്ഷ വിലയിരുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലിയില്‍ ഐബി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ്  പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യത്തേക്കുറിച്ച് അമിത് ഷാ വിലയിരുത്തിയത്. നക്സലിസത്തെ നശിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ അമിത് ഷാ നക്സലിസത്തിന് സാമ്പത്തിക സഹായം എത്തിക്കുന്ന ശക്തികളെ കണ്ടെത്തണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ലഹരി മാഫിയയെ ഉന്മൂലനം ചെയ്യണമെന്നും അതിർത്തികളിലൂടെയുള്ള ലഹരി കടത്ത് തടയാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കാനും ആഭ്യന്തര മന്ത്രി നിർദ്ദേശം നല്‍കി.

രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം ആറ് മണിക്കൂറിന് ശേഷം വൈകീട്ട് 5 മണിക്കാണ് അവസാനിച്ചത്. സൈബര്‍ സെക്യൂരിറ്റി, തീവ്രവാദ പ്രവര്‍ത്തനം ചെറുക്കല്‍, രാജ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. എല്ലാ രീതിയിലും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി  യോഗത്തിന് പിന്നാലെ പ്രതികരിച്ചു.

രാജ്യത്ത് സമാധാനം നിലനിർത്തുന്നതിൽ ഏജൻസി വളരെ പ്രധാനമാണെന്നും ഭീകരതയ്‌ക്കെതിരെയും ഭീകരതയെ പിന്തുണ നല്‍കുന്ന സംവിധാനത്തിനെതിരാണ് പോരാട്ടമെന്നും അമിത് ഷാ പറഞ്ഞു. തീരദേശ സുരക്ഷ  ശക്തമാക്കുന്നതിന്‍റെ ഭാഗമായി ചെറുതും വലുതുമായ എല്ലാ തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കണമെന്നും അമിത് ഷാ ഐബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടി. ലഹരി ഉപയോഗം യുവ തലമുറയെ നശിപ്പിക്കുന്നു എന്നു മാത്രമല്ല അതിലൂടെ സമാഹരിക്കുന്ന പണം രാജ്യ സുരക്ഷയെ തകര്‍ക്കാനായാണ് ഉപയോഗിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ആയുധങ്ങളും സ്ഫോടക വസ്തുക്കളും മയക്കമരുന്ന് കടത്തിനുമായി പാകിസ്ഥാന്‍ ഡ്രോണുകളെ ഉപയോഗിക്കുന്നത് ചെറുക്കണമെന്നും ഡ്രോണുകളെ ഉപയോഗിച്ച് തന്നെ അതിര്‍ത്തികളിലൂടെയുള്ള ലഹരി കടത്ത് തടയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

click me!