തമിഴ്നാട്ടിൽ ചുവടുറപ്പിക്കാൻ നിർണായക കരുനീക്കങ്ങളുമായി ബിജെപി

By Web TeamFirst Published Nov 21, 2020, 1:46 PM IST
Highlights

ബിജെപി കോർ കമ്മിറ്റി യോഗവും സർക്കാർ പരിപാടികളുമാണ് സന്ദർശന പട്ടികയിൽ എങ്കിലും നിർണായക സഖ്യ ചർച്ചകളാണ് മുഖ്യം. സ്റ്റാലിനുമായി അകന്ന് നിൽക്കുന്ന എംകെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണും.

ചെന്നൈ: തമിഴ്നാട്ടിൽ ചുവടുറപ്പിക്കാൻ നിർണായക കരുനീക്കങ്ങളുമായി ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ അമിത് ഷാ ഇന്ന് ചെന്നൈയിലെത്താനിരിക്കേ അളഗിരിപക്ഷം ബിജെപിയുമായി ചർച്ച നടത്തി. അളഗിരിയുടെ അടുത്ത അനുയായി കെ പി രാമലിംഗം ബിജെപിയിൽ ചേർന്നു. രജനീകാന്തുമായി കൂടിക്കാഴ്ചയ്ക്കുള്ള ശ്രമം തുടരുകയാണ്.

എംജിആറിൻ്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് അമിത് ഷാ എത്തുന്നത്. ബിജെപി കോർ കമ്മിറ്റി യോഗവും സർക്കാർ പരിപാടികളുമാണ് സന്ദർശന പട്ടികയിൽ എങ്കിലും നിർണായക സഖ്യ ചർച്ചകളാണ് മുഖ്യം. സ്റ്റാലിനുമായി അകന്ന് നിൽക്കുന്ന എംകെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണും.

സ്റ്റാലിൻ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാത്തതിനാൽ, പുതിയ പാർട്ടി പ്രഖ്യാപിച്ച് എൻഡിഎയിൽ ചേരാനാണ് തീരുമാനം. ഇതിന് മുന്നോടിയായി അളഗിരിയുടെ അടുത്ത അനുയായിയും മുൻ ഡിഎംകെ എംപിയുമായിരുന്ന കെ പി രാമലിംഗം ബിജെപിയിൽ ചേർന്നു. അളഗിരിക്കൊപ്പമുള്ള മുഴുവൻ നേതാക്കളും ഡിഎംകെ വിടുമെന്ന് രാമലിംഗം അവകാശപ്പെട്ടു. എന്നാൽ അളഗിരിയുടെ വിമത നീക്കങ്ങൾ ഒന്നും ഡിഎംകെയെ ബാധിക്കില്ലെന്ന നിലപാടിലാണ് സ്റ്റാലിൻ. അമിത് ഷാ യുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറി അപ്സര റെഡ്ഢി പാർട്ടിയിൽ നിന്ന് രാജി വച്ചു.

എൽഡിഎയുടെ ഭാഗമായി മത്സരിക്കുമെന്ന് കോൺഗ്രസിൻ്റെ ആദ്യ ട്രാൻസ്ജെൻഡർ ജനറൽ സെക്രട്ടറി കൂടിയായിരുന്ന അപ്സര വ്യക്തമാക്കി. ഖുശ്ബുവിന് പിന്നാലെ കൂടുതൽ താരങ്ങളെ ഒപ്പമെത്തിക്കാനുള്ള നീക്കവും സജീവമാണ്. രജനീകാന്തുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാഷ്ട്രീയ ചർച്ചകൾ നീട്ടിവയ്ക്കാം എന്നാണ് താരം മറുപടി നൽകിയത്. എങ്കിലും അപ്രതീക്ഷിത കൂടിക്കാഴ്ച്ചയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ബിജെപി തമിഴ്നാട് നേതൃത്വം ചൂണ്ടിക്കാട്ടി.

click me!