വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ രജനീകാന്ത്, ചർച്ചകൾ ഫലം കാണാതെ അമിത് ഷാ മടങ്ങി

By Web TeamFirst Published Nov 22, 2020, 12:10 PM IST
Highlights

മികച്ച ജനപിന്തുണയുള്ള ആളുകൾ എൻഡിഎയുടെ ഭാഗമാകുമെന്ന് അമിത് ഷാ യോഗത്തിൽ പറഞ്ഞു. സഖ്യം വിപുലീകരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന ഷാ, കൂടുതൽ പ്രാദേശിക കക്ഷികളെ ഒപ്പമെത്തിക്കാനുള്ള നീക്കത്തിലാണെന്ന് വ്യക്തമാക്കി

ചെന്നൈ: തമിഴകം പിടിക്കാൻ നിർണായക കരുനീക്കങ്ങളുമായെത്തിയ അമിത് ഷായുടെ പ്രധാന ലക്ഷ്യം നടപ്പായില്ല. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഫലം കാണാതെ പോയത്. വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ, രാഷ്ട്രീയ കാര്യത്തിൽ തന്റെ മുൻ നിലപാടിൽ രജനീകാന്ത് ഉറച്ചുനിന്നു. തമിഴകത്ത് ബിജെപി സ്വാധീനം വർധിപ്പിക്കാൻ നിർണായക തീരുമാനങ്ങളുമായാണ് അമിത് ഷാ ചെന്നൈയിൽ എത്തിയത്.

ചെന്നൈയിലെത്തിയ അമിത് ഷായുമായി ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂർ കൂടിക്കാഴ്‍ച നീണ്ടു. രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗുരുമൂർത്തി അമിത് ഷായെ കണ്ടത്. ഇന്നലെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ഷാ സഖ്യചർച്ചകൾ തനിക്ക് വിട്ടേക്കൂവെന്നും താഴേത്തട്ടിൽ പ്രചാരണത്തിൽ ശ്രദ്ധിക്കൂ എന്നും നേതാക്കളോട് പറഞ്ഞു. രജനീകാന്തുമായി ചർച്ച നടന്നെന്ന് വ്യക്തമാക്കിയ അദ്ദേഹം കൃത്യമായ സമയത്ത് നല്ല പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചിപ്പിച്ചു. 

മികച്ച ജനപിന്തുണയുള്ള ആളുകൾ എൻഡിഎയുടെ ഭാഗമാകുമെന്ന് അമിത് ഷാ യോഗത്തിൽ പറഞ്ഞു. സഖ്യം വിപുലീകരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന ഷാ, കൂടുതൽ പ്രാദേശിക കക്ഷികളെ ഒപ്പമെത്തിക്കാനുള്ള നീക്കത്തിലാണെന്ന് വ്യക്തമാക്കി. വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ ബിജെപി സഖ്യത്തിൽ തന്നെ മത്സരിക്കുമെന്ന് അണ്ണാഡിഎംകെ വ്യക്തമാക്കിയിരുന്നു.ഖുശ്ബുവിന് പിന്നാലെ കൂടുതൽ താരങ്ങളെ ഒപ്പമെത്തിക്കാനും പ്രാദേശിക പാർട്ടികളെ ഉൾപ്പെടുത്തി സഖ്യം വിപുലീകരിക്കാനുമാണ് ബിജെപി തീരുമാനം.

click me!