ജാര്‍ഖണ്ഡില്‍ അയോധ്യയും കശ്മീരും തെരഞ്ഞെടുപ്പ് പ്രചാരണായാധുമാക്കി അമിത് ഷാ

By Web TeamFirst Published Nov 21, 2019, 5:16 PM IST
Highlights

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. 

ദില്ലി: ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അയോധ്യയും കശ്മീരും വിഷയമാക്കി ബിജെപി. കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അയോധ്യയും കശ്മീരും പരാമര്‍ശിച്ച് വോട്ട് തേടിയത്. ഈ മാസമാണ് അയോധ്യയിലെ ബാബ്‍രി മസ്ജിദ് പൊളിച്ച ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് സുപ്രീം കോടതി അനുമതി നല്‍കിയത്. 

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. "നിങ്ങള്‍   പറയൂ, അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കണോ വേണ്ടയോ. കോണ്‍ഗ്രസ് പാര്‍ട്ടി കേസുമായി മുന്നോട്ടുപോയി തുടര്‍ച്ചയായി ക്ഷേത്ര നിര്‍മാണത്തിന് തടസ്സം നില്‍ക്കുകയാണ്. ഇപ്പോള്‍ ക്ഷേത്രം നിര്‍മിക്കാമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിപ്പിച്ചിരിക്കുന്നു"-അമിത് ഷാ റാലിയില്‍ പറഞ്ഞു. ലാത്തേഹാറിലാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. കശ്മീരിന് നല്‍കിയ പ്രത്യേക പദവി റദ്ദാക്കിയ നടപടിയും അമിത് ഷാ പരാമര്‍ശിച്ചു. 

മഹാരാഷ്ട്രയിലും ഹരിയാനയിലും ദേശീയ വിഷയങ്ങളിലൂന്നിയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ തുക സംസ്ഥാന വികസനത്തിനായി എന്‍ഡിഎ നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുുപ്പ് നടക്കുന്നത്. നവംബര്‍ 30നാണ് ആദ്യഘട്ട പോളിംഗ്. ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്.

click me!