മോദിയുടെ പ്രതിഛായ നശിപ്പിക്കുന്നത് അമിത് ഷായോ ? മാധ്യമപ്രവര്‍ത്തക തവ്ലീന്‍ സിംഗ് പറയുന്നു

By Web TeamFirst Published Feb 10, 2020, 8:25 PM IST
Highlights

മോദിയുടെ പ്രതിഛായ നശിപ്പിക്കുന്നത് അമിത് ഷാ ആണെന്നാണ് മിശിഹാ മോദി എന്ന പുസ്തകത്തിലൂടെ തവ്ലീന്‍ സിംഗ് പറയുന്നതില്‍ ഒന്ന്...

ദില്ലി: കോളമിസ്റ്റ് തവ്ലീന്‍ സിംഗിന്‍റെ മിശിഹാ മോദി ? എന്ന പുസ്തകം ഇപ്പോള്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്. എഴുത്തുകാരിയുടെ ഭാഷയില്‍ ഇത് പ്രധാനമന്ത്രി നരേന്ദ്രമോദി ഭരിക്കുന്ന ബിജെപി സര്‍ക്കാറിന്‍റെ ആറ് വര്‍ഷത്തെ വിലയിരുത്തുന്ന 'റിപ്പോര്‍ട്ടറുടെ പുസ്തകം' ആണ്. ബിജെപിയുടെ അധ്യക്ഷനായിരുന്ന ആഭ്യന്ത്രമന്ത്രി അമിത് ഷായെക്കുറിച്ചുള്ള തവ്ലീന്‍ സിംഗിന്‍റെ വിലയിരുത്തലും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മോദിയുടെ പ്രതിഛായ തകര്‍ത്തതില്‍ അമിത് ഷായുടെ പങ്ക് എന്ന വിഷയവും പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. 

''മോദി മാധ്യമപ്രവര്‍ത്തകരെ അകറ്റി നിര്‍ത്തിയപ്പോള്‍ കിട്ടിയ അവസരങ്ങളിലെല്ലാം  അമിത് ഷാ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു. മോദി സര്‍ക്കാരിന്‍റെ ഓന്നാം വാര്‍ഷികാഘോഷത്തില്‍ മാധ്യമപ്രവര്‍ത്തകരായ ഞങ്ങള്‍ കുറച്ചുപേരെ അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാ വിരുന്നിന് ക്ഷണിച്ചു. അതില്‍ പലരും മോദിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നവരായിരുന്നില്ലെന്ന് ഞാന്‍ ശ്രദ്ധിച്ചു. ഇത്തരം കൂട്ടായ്മകള്‍ പിന്നീട് ഉണ്ടായിരുന്നോ എന്ന് അറിയില്ല, ഞാന്‍ പിന്നീട് ഒരിക്കലും ക്ഷണിക്കപ്പെട്ടിട്ടില്ല. 

പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് ഗോവയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ വച്ച് ഞാന്‍ അമിത് ഷായെ കണ്ടത്. അപ്പോഴേക്കും അരോചകമായ ധാര്‍ഷ്ട്യം അദ്ദേഹം എടുത്തണിഞ്ഞിരുന്നു. പക്ഷേ ഞാന്‍ എന്‍റെ അവസരം ഉപയോഗിച്ച് ദില്ലിയില്‍ വന്നാല്‍ കാണാനാകുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു.  
'നിങ്ങൾക്ക് വേണമെങ്കിൽ' എന്ന് മറുപടി നല്‍കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം എന്നെ ഒന്ന് തുറിച്ച് നോക്കി. ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ കാണാന്‍ തുനിയുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കുന്നതായിരുന്നു ആ വാക്കുകള്‍. 

അമിത് ഷായുടെ പെരുമാറ്റം ഗര്‍വ്വ് നിറഞ്ഞത് മാത്രമായിരുന്നില്ല, ഭീഷണി നിറഞ്ഞതാണ്, സാധാരണ രാഷ്ട്രീയക്കാരില്‍ കണ്ടിട്ടില്ലാത്തതരത്തില്‍ സൗഹൃതമുള്ള മാധ്യമപ്രവര്‍ത്തകരോട് പ്രതിയോഗിയെപ്പോലെയാണ് അഭിമുഖങ്ങളില്‍ അദ്ദേഹം പെരുമാറുക. മാധ്യമപര്വര്‍ത്തകര്‍ക്കിടയില്‍ ഒട്ടും പ്രസിദ്ധനായിരുന്നില്ല അമിത് ഷാ, കാരണം മോദി സര്‍ക്കാരിനോട് അനുകൂലമായ നിലപാട് വച്ചു പുലര്‍ത്താത്ത മാധ്യമപ്രവര്‍ത്തകരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.'' - തവ്ലീന്‍ സിംഗ് പറഞ്ഞു. 

തന്‍റെ മാധ്യമസുഹൃത്ത് പങ്കുവച്ച അനുഭവവും തവ്ലീന്‍ സിംഗ് വ്യക്തമാക്കുന്നു. ''ഞാന്‍ അദ്ദേഹത്തിനൊപ്പം ഇരിക്കുകയായിരുന്നു. ഒരു മന്ത്രി അദ്ദേഹത്തെ വിളിക്കുന്നത് കേട്ടു. ഒരു അഭിമുഖത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു വിളിച്ചത്. എന്നാല്‍ അമിത് ഷാ അത് അനുവദിച്ചിരുന്നില്ല. സര്‍ക്കാരിന് വേണ്ടി ജോലി ചെയ്യാനാണ് നിയമിച്ചിരിക്കുന്നതെന്നും അതിനപ്പുറം സംസാരിക്കാനല്ലെന്നുമായിരുന്നു അമിത് ഷായുടെ മറുപടി. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ മോദി ബുദ്ധിജീവികളെ വെറുക്കുന്നുവെന്ന പ്രതിഛായ സൃഷ്ടിക്കാന്‍ തുടങ്ങിയെന്നും അവര്‍ വ്യക്തമാക്കുന്നു. 

കടപ്പാട്: ദ ക്വിന്‍റ്

click me!