ആവശ്യത്തിന് സമരം നടന്നു, ഇനി മതിയാക്കാം-സിഎഎ സമരത്തില്‍ പ്രതികരണവുമായി രഞ്ജന്‍ ഗൊഗോയി

By Web TeamFirst Published Feb 10, 2020, 7:50 PM IST
Highlights

പരിഹാരം ഭരണഘടനാ വഴിയിലൂടെ മാത്രമേ പാടുള്ളൂ. നിങ്ങള്‍ ജഡ്ജിമാരില്‍ വിശ്വാസം അര്‍പ്പിക്കുക. അവര്‍ ഭരണഘടന പ്രകാരം തീരുമാനമെടുക്കും- രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി.

ഗാന്ധിനഗര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളില്‍ പ്രതികരണവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി രഞ്ജന്‍ ഗൊഗോയി. ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടിയിലാണ് രഞ്ജന്‍ ഗൊഗോയി നിലപാട് വ്യക്തമാക്കിയത്. സിഎഎ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സമരക്കാര്‍ ഒരേസമയം സമാന്തരമായ രണ്ട് വേദികള്‍ സൃഷ്ടിക്കരുത്. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്നതാണ് പൗരന്‍റെ ഏറ്റവും പ്രധാന മൗലിക കടമ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആവശ്യത്തിന് സമരം നടന്നുകഴിഞ്ഞു. എല്ലാവരും അവരവരുടെ നിലപാട് വ്യക്തമാക്കി. ഇനി മതിയാക്കാം. നിങ്ങള്‍ക്ക് ഒരേസമയം കോടതിയില്‍ പോകുകയോ നിയമപോരാട്ടം നടത്തുകയോ ചെയ്യുക സാധ്യമല്ലെന്നും  രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

ഭരണഘടനപരമായി സുപ്രീം കോടതിയാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്.  സിഎഎ സംബന്ധിച്ച് അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. സിഎഎയെക്കുറിച്ച് എനിക്ക് കാഴ്ചപാടുണ്ട്. നിങ്ങള്‍ക്കുണ്ടാകാം. നമ്മുടെ അഭിപ്രായങ്ങള്‍ യോജിക്കണമെന്നുമില്ല. എന്‍റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എനിക്ക് അവകാശമുണ്ട്. നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്കും അവകാശമുണ്ട്. പക്ഷേ പരിഹാരം ഭരണഘടനാ വഴിയിലൂടെ മാത്രമേ പാടുള്ളൂ. നിങ്ങള്‍ ജഡ്ജിമാരില്‍ വിശ്വാസം അര്‍പ്പിക്കുക. അവര്‍ ഭരണഘടന പ്രകാരം തീരുമാനമെടുക്കും- രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. 

ആദ്യമായാണ് സിഎഎ വിഷയത്തില്‍ മുന്‍ ചീഫ് ജസ്റ്റിസ് അഭിപ്രായ പ്രകടനം നടത്തുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ ഹര്‍ജി പരിഗണിച്ചത്. സിഎഎ ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചെങ്കിലും നിയമം സ്റ്റേ ചെയ്തില്ല. 
 

click me!