
ദില്ലി: ദില്ലി കലാപം കെട്ടടങ്ങും മുമ്പ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ അത്താഴ വിരുന്നില്‍ അമിത് ഷായും മമത ബാനര്‍ജിയും മുഖാമുഖം. അമിത് ഷായുടെ അധ്യക്ഷതയില്‍ ഭുവനേശ്വറില്‍ വച്ചു നടന്ന 24-ാമത് ഈസ്റ്റേണ്‍ സോണ്‍ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നേതാക്കള്‍.
പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്‍, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരും വിരുന്നില്‍ പങ്കെടുത്തു. നേതാക്കള്‍ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം നവീന്‍ പട്നായിക് തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
ദില്ലി കലാപത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജി വെക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തോട് മമത പ്രതികരിച്ചില്ല. രാഷ്ട്രീയം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും ആദ്യം ദില്ലിയിലെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കട്ടെയെന്നും മമത പറഞ്ഞു. വിരുന്നില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമത. എന്നാല്‍ അത്താഴ വിരുന്നില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ കലാപത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന് പിന്നീട് ഭുവനേശ്വറില്‍ നടന്ന റാലിയില്‍ അമിത് ഷാ വിമര്‍ശിച്ചിരുന്നു. രാജ്യത്തെ ഏതെങ്കിലും മുസ്ലിമിന്‍റെയോ മറ്റ് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട വ്യക്തിയുടെയോ പൗരത്വം നിയമം മൂലം നഷ്ടമാവില്ല. നിയമം വ്യക്തികളുടെ പൗരത്വം ഇല്ലാതാക്കാനുള്ളതല്ലെന്നും മറിച്ച് നല്‍കാനുദ്ദേശിച്ചുള്ളതാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam