
ദില്ലി: കശ്മീരിലെ ഭീകരരുമായി സർക്കാർ ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ശക്തമായ നടപടികളുണ്ടാകുമെന്നും മുതിർന്ന മന്ത്രിമാരുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞു. മോദി സർക്കാരിൽ സുപ്രധാന അധികാര കേന്ദ്രമായി മാറുകയാണ് അമിത്ഷായുടെ ഓഫീസ് . ഇറാൻ എണ്ണ ഇറക്കുമതി വിഷയം ചർച്ച ചെയ്യാനും അമിത് ഷാ മന്ത്രിമാരുടെ യോഗം വിളിച്ചു.
ജമ്മുകശ്മീരിലെ സ്ഥിതിയാണ് ഇന്നലെയും ഇന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമായും വിലയിരുത്തിയത്. ജമ്മുകശ്മീരിലെ മണ്ഡല പുനർനിർണ്ണയം ഉൾപ്പടെ ചർച്ചയായി. ഭീകരവാദവുമായി ഒരു സന്ധിയുമില്ല. അവരെ പിന്തുണയ്ക്കുന്ന വിഘടനവാദികളുമായി ഒത്തു തീർപ്പിനില്ലെന്നും അമിത് ഷാ യോഗത്തിൽ വ്യക്തമാക്കിയെന്നാണ് സൂചന. അമിത്ഷായുടെ നീക്കങ്ങൾ ബാലിശമെന്ന് വിമർശിച്ച് മെഹബൂബ മുഫ്തി രംഗത്തെത്തുകയും ചെയ്തു.
തന്‍റെ അധികാരം ആഭ്യന്തരമന്ത്രാലയത്തിൽ ഒതുങ്ങില്ലെന്ന സൂചന വൈകിട്ട് അമിത് ഷാ നല്കി. ഇറാൻ എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഉന്നയിക്കുന്ന തടസ്സം ഉൾപ്പടെ ചർച്ച ചെയ്യാൻ വൈകിട്ട് അമിത് ഷായുടെ അദ്ധ്യക്ഷതയിൽ മന്ത്രിമാരുടെ യോഗം നടന്നു. ധനമന്ത്രി നിർമ്മലാ സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുത്തു. നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും അമിത് ഷായെ കണ്ടു.
എല്ലാ ഗവർണ്ണർമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന നീതി ആയോഗ് ഭരണസമിതി യോഗം 15ന് ചേരും. സുപ്രധാന മന്ത്രിതല സമിതികളുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് അമിത് ഷാ വരുമെന്ന സൂചനയാണ് ഇന്നത്തെ ചർച്ചകൾ നല്കുന്നത്.സർക്കാർ ഇപ്പോഴും വിജയലഹരിയിലെന്ന് കോൺഗ്രസ് വിമർശിച്ചു. സാമ്പത്തികരംഗം തകർച്ചയിലേക്ക് നീങ്ങുന്നു എന്നും കോൺഗ്രസ് കുറ്റപ്പെടുത്തി
ലോക്സഭാ സ്പീക്കറെ കുറിച്ചുള്ള ചർച്ചയും പാർട്ടിയിൽ തുടരുകയാണ്. മേനക ഗാന്ധിയുടെ പേര് പ്രോട്ടെം സ്പീക്കർ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുമ്പോൾ എസ് എസ് അലുവാലിയ, രാധാമോഹൻ സിംഗ്, ജുവൽ ഓറം തുടങ്ങിയവരാണ് സ്പീക്കർ സ്ഥാനത്തേക്ക് അഭ്യൂഹങ്ങളിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam