മുംബൈയെ ഞെട്ടിച്ച് ഐഎസ് അനുകൂല ചുവരെഴുത്തുകൾ; ധോണിയുടെയും കെജ്രിവാളിന്റെയും പേരുകളും

By Web TeamFirst Published Jun 4, 2019, 7:34 PM IST
Highlights

ചുവരെഴുത്തുകൾ കണ്ടെത്തിയതിന് വളരെ അടുത്തായാണ് ഒഎൻജിസി, ആയുധ സംഭരണ ശാല, വൈദ്യുതി സ്റ്റേഷൻ തുടങ്ങിയവ പ്രവർത്തിക്കുന്നത്

നവി മുംബൈ: പൊതു ഇടത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത് മുംബൈ നഗരത്തെ ഭീതിയിലാക്കി. നവി മുംബൈയിലെ ഖോപ്തെ പാലത്തിന്റെ പില്ലറിന് മേലാണ് ചുവരെഴുത്തുകൾ കണ്ടെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയെ പരാമർശിക്കുന്ന ചുവരെഴുത്തുകളും ഇതിലുണ്ട്.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെയും പരാമർശിക്കുന്ന ചുവരെഴുത്തുകളുമുണ്ട്. പൊലീസ് സ്ഥലത്തെത്തി. ഇവിടെ നിന്നുള്ള പരമാവധി ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ചു. സമീപത്തെ സിസിടിവി കാമറകളും പരിശോധിക്കുന്നുണ്ട്. 

പതിവായി യുവാക്കൾ മദ്യപിക്കാനും മറ്റും തമ്പടിക്കുന്ന സ്ഥലത്താണ് ഈ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. അതിനാൽ തന്നെ വളരെ ഗൗരവത്തോടെയാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്. ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ചുവരെഴുത്തുകൾ കണ്ടെത്തിയ പാലത്തിന് സമീപത്തായി ഒഎൻജിസി, ആയുധ സംഭരണ ശാല, വൈദ്യുതി സ്റ്റേഷൻ, ജവഹർലാൽ നെഹ്റു പോർട്ട് സ്റ്റേഷൻ എന്നിവയുള്ളതിനാൽ ചുവരെഴുത്തുകളെ തള്ളിക്കളയാൻ സാധിക്കില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

click me!