
ദില്ലി: ആഗോള മയക്കുമരുന്ന് മാഫിയയെ പിടികൂടിയതിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ സി ബി) അടക്കമുള്ള എല്ലാ ഏജൻസികളെയും അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. കേരളത്തിലെയടക്കം അറസ്റ്റ് ചൂണ്ടികാട്ടിയാണ് അമിത് ഷായുടെ അഭിനന്ദനം. ആഗോള തലത്തിലുള്ള ലഹരി മാഫിയയെ പിടികൂടിയ അന്വേഷണം മൾട്ടി - ഏജൻസി ഏകോപനത്തിന്റെ മികച്ച മാതൃക സൃഷ്ടിച്ചെന്ന് ഷാ അഭിപ്രായപ്പെട്ടു. ഇതിന്റെ ഫലമായി 4 ഭൂഖണ്ഡങ്ങളിലും 10 ലധികം രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന ആഗോള ലഹരി സംഘത്തെ തുറന്നുകാട്ടാനായെന്നും അമിത് ഷാ വിവരിച്ചു.
യു എസിലും ഓസ്‌ട്രേലിയയിലും ഈ ലഹരിമാഫിയകൾക്കെതിരെ കർശന നടപടികൾ ആരംഭിച്ചെന്നും ആഭ്യന്തര മന്ത്രി എക്സ് പോസ്റ്റിൽ വിവരിച്ചു. ഈ സംഘങ്ങൾ ഉപയോഗിക്കുന്ന ക്രിപ്‌റ്റോ പേയ്‌മെന്റുകൾ, അജ്ഞാത ഡ്രോപ്പ് ഷിപ്പർമാർ തുടങ്ങിയ സങ്കീർണ്ണമായ രീതികൾ ഇന്ത്യൻ ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഷാ കൂട്ടിച്ചേർത്തു. എട്ട് പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് കൺസൈൻമെന്റുകൾ പിടിച്ചെടുക്കുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ മയക്കുമരുന്ന് മാഫിയകളെയും തകർക്കുമെന്നും അവർ എവിടെ നിന്ന് പ്രവർത്തിച്ചാലും നമ്മുടെ യുവാക്കളെ സംരക്ഷിക്കുമെന്നും അമിത് ഷാ വിവരിച്ചു.
വിശദ വിവരങ്ങൾ
നാല് ഭൂഖണ്ഡങ്ങളിലായി 10 ലധികം രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ സി ബി) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് പിടികൂടിയത്. ക്രിപ്റ്റോകറൻസി, എൻക്രിപ്റ്റഡ് ആശയവിനിമയ പ്ലാറ്റ്ഫോമുകൾ, അന്താരാഷ്ട്ര ഡ്രോപ്പ് ഷിപ്പിംഗ് തുടങ്ങിയ സങ്കീർണ്ണമായ മാർഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഈ സംഘത്തിനെതിരെ യു എസിലും ഓസ്ട്രേലിയയിലും ഉൾപ്പെടെ നടപടികൾ തുടങ്ങിയിട്ടുണ്ട്. ഈ സംഘം ടെലിഗ്രാം പോലുള്ള എൻക്രിപ്റ്റഡ് പ്ലാറ്റ്ഫോമുകൾ, ക്രിപ്റ്റോകറൻസി, പേപാൽ, വെസ്റ്റേൺ യൂണിയൻ എന്നിവ വഴിയാണ് പണമിടപാടുകൾ നടത്തിയിരുന്നത്. ഡിജിറ്റൽ ഫോറൻസിക് വിദ്യകൾ ഉപയോഗിച്ച് ദില്ലിയിലും ജയ്പൂരിലും നിന്നുള്ള രണ്ട് ഇന്ത്യൻ പൗരന്മാരെ കൂടി അറസ്റ്റ് ചെയ്തതോടെയാണ് ആഗോള മാഫിയയെ പിടികൂടാനായത്. ഇന്ത്യയിലെ ഏറ്റവും സങ്കീർണ്ണമായ ഡാർക്നെറ്റ് അധിഷ്ഠിത മയക്കുമരുന്ന് വ്യാപാരികളിൽ ഒരാളെ പിടികൂടിയതായും എൻ സി ബി അവകാശപ്പെട്ടിട്ടുണ്ട്. ദില്ലി, ജയ്പൂർ, ഉഡുപി, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ അജ്ഞാതമായി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് എൻ സി ബി 1933 എന്ന ടോൾ - ഫ്രീ ഹെൽപ്പ്‌ലൈൻ ഉപയോഗിക്കണമെന്നും ഷാ അഭ്യർത്ഥിച്ചിട്ടുണ്ട്.