പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് പൃഥിരാജ് ചവാൻ. തന്റെ വിവാദ പ്രസ്താവനയിൽ മാപ്പ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മുംബൈ: ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിലൂടെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചതിന് പിന്നാവെ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കോൺ​ഗ്രസ് നേതാവ് പൃഥിരാജ് ചവാൻ. താൻ എന്തിന് മാപ്പ് പറയണമെന്നും ഭരണഘടന തനിക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെതിരെയുള്ള ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ പരാജയപ്പെട്ടുവെന്നും സംഘർഷത്തിൽ നിരവധി ഇന്ത്യൻ വിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ടെന്നും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ ചവാൻ പറഞ്ഞു. പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രം​ഗത്തെത്തിയത്.

അതേസമയം, ദേശീയ സുരക്ഷാ നടപടികളെ ചവാൻ ദുർബലപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബിജെപി രം​ഗത്തെത്തി. കോൺഗ്രസ് പാർട്ടി എപ്പോഴും പാകിസ്ഥാൻ അനുകൂലമാണ്. കോൺഗ്രസ് പാർട്ടി എപ്പോഴും രാജ്യത്തെ അപമാനിച്ചിട്ടുണ്ട്. അവരുടെ നേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുമ്പോഴെല്ലാം ഇന്ത്യയെ അപമാനിക്കുന്നു. രാജ്യം മുഴുവൻ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്, പൊതുജനങ്ങൾ കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ബിജെപി എംപി ബ്രിജ് ലാൽ പറഞ്ഞു.

വിഷയത്തിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മൗനം പാലിക്കുന്നതിനെ പാർട്ടി വക്താവ് സി.ആർ. കേശവൻ ചോദ്യം ചെയ്തു. നേതാവിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

പൃഥ്വിരാജ് ചവാൻ ഒരു മൂന്നാം ക്ലാസ് പാകിസ്ഥാൻ വക്താവിനെപ്പോലെ അധിക്ഷേപിച്ചു. നമ്മുടെ സായുധ സേനയെ മനഃപൂർവ്വം അധിക്ഷേപിച്ചു. വിജയ് ദിവസിൽ അവരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൃഥ്വിരാജ് ചവാനെ അപലപിക്കുകയോ നടപടിയെടുക്കുകയോ ചെയ്യാത്തത് എന്തുകൊണ്ട്? അദ്ദേഹത്തിന്റെ അസംബന്ധമായ പ്രസ്താവനയോട് അവർ യോജിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സൈന്യത്തെ അപമാനിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നുവെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല നേരത്തെ പറഞ്ഞിരുന്നു.

പൃഥ്വിരാജ് ചവാന്റെ പ്രസ്താവന മാത്രമല്ല, രാഹുൽ ഗാന്ധിയും സമാനമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഈ പ്രസ്താവനകളെല്ലാം രാഹുൽ ഗാന്ധിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയോ കോൺഗ്രസ് പാർട്ടിയോ അത്തരം നേതാക്കൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത്. ഈ പ്രസ്താവനകൾ അവരുടെ സൈനിക വിരുദ്ധ മാനസികാവസ്ഥയെ വെളിപ്പെടുത്തുന്നുവെന്നും പൂനവല്ല പറഞ്ഞു.

പൂനെയിൽ നടന്ന പത്രസമ്മേളനത്തിലാണ് ചവാൻ വിവാദ പ്രസ്താവന നടത്തിയത്. ഓപ്പറേഷൻ സിന്ദൂരിന്റെ ആദ്യ ദിവസം നമ്മൾ പൂർണ്ണമായും പരാജയപ്പെട്ടു. ഏഴാം തീയതി നടന്ന അര മണിക്കൂർ നീണ്ട വ്യോമാക്രമണത്തിൽ, ആളുകൾ അംഗീകരിച്ചാലും ഇല്ലെങ്കിലും നമ്മൾ പൂർണ്ണമായും പരാജയപ്പെട്ടു. ഇന്ത്യൻ വിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ടു. ഒരു വിമാനം പോലും പറന്നില്ല. ഗ്വാളിയോർ, ബതിന്ദ, സിർസ എന്നിവിടങ്ങളിൽ നിന്ന് ഏതെങ്കിലും വിമാനം പറന്നുയർന്നിരുന്നെങ്കിൽ, പാകിസ്ഥാൻ വെടിവച്ചിടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ," കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു.