സരസ്വതി മന്ത്രം ചൊല്ലാൻ പറഞ്ഞതിന് മറുപടി, അധികാരത്തിലെത്തിയാൽ മമതയുടെ അഴിമതി അന്വേഷിക്കുമെന്നും അമിത് ഷാ

By Web TeamFirst Published Feb 18, 2021, 8:17 PM IST
Highlights

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ടിഎംസി സിൻഡിക്കേറ്റും സാധാരണ ബിജെപി പ്രവർത്തകരും തമ്മിലുള്ള പോരാട്ടമെന്ന് അമിത് ഷാ. 

കൊൽക്കത്ത:  ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ടിഎംസി സിൻഡിക്കേറ്റും സാധാരണ ബിജെപി പ്രവർത്തകരും തമ്മിലുള്ള പോരാട്ടമെന്ന് അമിത് ഷാ. സ്കൂളുകളിലെ സരസ്വതി പൂജ നിർത്തിച്ച മമത ബാനർജി ഇപ്പോൾ സരസ്വതി മന്ത്രത്തെ കുറിച്ച് പറയുന്നു. ബിജെപി അധികാരത്തിലെത്തിയാൽ മമതയുടെ അഴിമതികളിൽ അന്വേഷണം നടക്കുമെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായെ വെല്ലുവിളിച്ച് നേരത്തെ മമത ബാനർജി രംഗത്തെത്തിയിരുന്നു. ധൈര്യമുണ്ടെങ്കിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ അമിത് ഷാ  തെളിയിക്കട്ടെയെന്നായിരുന്നു മമതയുടെ ഒന്നാമത്തെ വെല്ലുവിളി. ബംഗാളിനെ കുറിച്ച് അമിത് ഷാക്ക്  എന്തറിയാമെന്ന് ചോദിച്ച മമത ബിജെപി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും ആരോപിച്ചു.

കാളി ദേവിയെ കുറിച്ച് അമിത് ഷാക്ക് എന്തറിയാമെന്നും, സരസ്വതി മന്ത്രം തെറ്റില്ലാതെ ചൊല്ലാൻ വെല്ലുവിളിക്കുന്നുവെന്നും മമത വെല്ലുവിളിച്ചിരുന്നു. മന്ത്രി ജാക്കിർ ഹുസൈനെ ഇല്ലായ്മ ചെയ്യാൻ ബിജെപി ശ്രമിച്ചു.  മുർഷിദാബാദിൽ അദ്ദേഹം ബിജെപിക്ക് വെല്ലുവിളിയാണ്.  റെയിൽവേ സ്റ്റേഷനിൽ വെളിച്ചമില്ലാതിരുന്നത് യാദൃശ്ചികമല്ലെന്നും മമത ബാനർജി ആരോപിച്ചിരുന്നു.

ബംഗാളിലെ തൊഴിൽ സഹമന്ത്രി ജാക്കിർ ഹുസൈന്  നേരെ റെയിൽവേ സ്റ്റേഷനിൽ ബോംബേറുണ്ടായിരുന്നു.  ആക്രമണത്തിൽ മന്ത്രിയുടെ കൈക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. നിംതിയ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ തുടങ്ങുന്നതിനിടെയാണ് അജ്ഞാതർ ബോംബെറിഞ്ഞത്. മന്ത്രി കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തിലാണ് മമത ബിജെപിക്ക് നേരെ ആരോപണം ഉന്നയിച്ചത്.

click me!