വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ സീറ്റ് വിഭജനത്തെച്ചൊല്ലി ഭിന്നത രൂക്ഷമാകുന്നു. എ.ഐ.സി.സി നേതാവ് ഗിരീഷ് ചോദാങ്കറെ ഡിഎംകെ 'ജൂനിയർ' എന്ന് വിശേഷിപ്പിച്ചത് പരസ്യമായ വാക്പോരിന് കാരണമായി.  

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റ് വിഭജന ചർച്ചകൾക്കായി സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇതുവരെ തയ്യാറാകാത്തതാണ് കോൺഗ്രസിനെ ചൊടിപ്പിക്കുന്നത്. രാഹുൽ ഗാന്ധി നേരിട്ട് കനിമൊഴി എം.പി വഴി ആവശ്യം ഉന്നയിച്ചിട്ടും സ്റ്റാലിൻ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് ഗിരീഷ് ചോദാങ്കറെ ചൊല്ലിയാണ് ഇപ്പോൾ പരസ്യമായ വാക്പോര് നടക്കുന്നത്. ചോദാങ്കർ രാഷ്ട്രീയത്തിൽ തങ്ങളെ അപേക്ഷിച്ച് 'ജൂനിയർ' ആണെന്നും സ്റ്റാലിനുമായി നേരിട്ട് ചർച്ച നടത്താനുള്ള സീനിയോരിറ്റി അദ്ദേഹത്തിനില്ലെന്നുമാണ് ഡി.എം.കെ നേതാക്കളുടെ നിലപാട്. ഈ അവഗണന കോൺഗ്രസ് ക്യാമ്പിനുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

മാണിക്യം ടാഗോറിന്റെ മറുപടി

ഡിഎംകെയുടെ പരിഹാസത്തിന് മറുപടിയുമായി തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് നേതാവ് മാണിക്യം ടാഗോർ രംഗത്തെത്തി. ഗിരീഷ് ചോദാങ്കറുടെ രാഷ്ട്രീയ പാരമ്പര്യം വിവരിച്ചുകൊണ്ടായിരുന്നു ടാഗോറിന്റെ പ്രതികരണം. ചോദാങ്കർ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണെന്നും പാർട്ടിയുടെ ദേശീയ തലത്തിൽ നിർണ്ണായക പദവികൾ വഹിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025-ൽ ജാർഖണ്ഡിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 16 സീറ്റുകളും 4 മന്ത്രിസ്ഥാനങ്ങളും ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് ചോദാങ്കറെന്ന് ടാഗോർ ഓർമ്മിപ്പിച്ചു. ഇത്തരം രാഷ്ട്രീയ തന്ത്രജ്ഞതയുള്ള ഒരാളെ തരംതാഴ്ത്തി കാണിക്കുന്നത് സഖ്യ മര്യാദയ്ക്ക് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സീറ്റ് വിഭജന ചർച്ചകൾ നീണ്ടുപോകുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് അണികൾ. സീനിയർ നേതാക്കളെ ചർച്ചയ്ക്ക് വിടണമെന്ന ഡി.എം.കെ നിലപാടും, തങ്ങളുടെ നേതാവിനെ അംഗീകരിക്കണമെന്ന കോൺഗ്രസ് വാശിയും സഖ്യത്തെ എങ്ങോട്ട് നയിക്കുമെന്നതിലാണ് വ്യക്തതയില്ലാത്തത്.

എ.ഐ.സി.സി നേതാവ് ഗിരീഷ് ചോദാങ്കർ 2025 മുതൽ തമിഴ്‌നാട് സിസിയുടെയും പുതുച്ചേരി പിസിസിയുടെയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ഇൻ-ചാർജായി സേവനമനുഷ്ഠിച്ച് വരികയാണ്.