
പൗരത്വ ബില്ലിന്‍റെ പേരില്‍ കലാപത്തിന് ശ്രമമെന്ന് അമിത് ഷാ ലോക്സഭയില്‍. പൗരത്വ ബില്ലില്‍ ലോക്സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലും പൗരത്വ പട്ടിക രാജ്യം മുഴുവന്‍ നടപ്പിലാക്കുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.
അമിത് ഷായുടെ വാക്കുകള്‍
പൗരത്വ ബില്ലിന്‍റെ പേരിൽ കലാപത്തിന് ശ്രമം നടക്കുകയാണ്. ബില്ല് ഭരണഘടനാ വിരുദ്ധമല്ലെന്നും കള്ളപ്രചാരണം വിജയിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തിൽ നിന്ന് 4 ശതമാനമായി. ഇന്ത്യയിൽ ഇതേസമയം ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തിൽ നിന്ന് 79 ശതമാനമായി. മുസ്ലിംങ്ങൾ 9 ശതമാനത്തിൽ 14 ശതമാനമായി. ഇത് കാണിക്കുന്നത് ഇന്ത്യ ന്യൂനപക്ഷങ്ങളെ വേട്ടയാടിയിട്ടില്ലെന്നാണ്. മഹാത്മാ ഗാന്ധിയുടെ നിർദ്ദേശം ലംഘിച്ച് കോൺഗ്രസ് മതത്തിൻറെ പേരിൽ രാജ്യത്തെ വിഭജിച്ചു.സമുദായാടിസഥാനത്തിലാണ് കോൺഗ്രസ് പൗരത്വം നൽകിയത്. നെഹ്റുവാണ് സമുദായാടിസ്ഥാനത്തിൽ പൗരത്വം നൽകിയത്.
രാജ്യത്തുള്ള റോഹിംഗ്യന്‍ മുസ്ലിംങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാർക്ക് പൗരത്വം നല്കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ല. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരൻ പോലും എൻആർസിക്കു ശേഷം തുടരില്ല. ഭരണഘടനയുടെ 371ാം അനുഛേദത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല . അതിനാൽ വടക്കുകിഴക്കൻ സംസ്ഥാനക്കാർക്ക് ഒരു ആശങ്കയും വേണ്ട. വോട്ട് ബാങ്ക് രാഷ്ട്രീയം അനുവദിക്കില്ല. കേരളത്തിൽ ലീഗുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് മഹാരാഷ്ട്രയിൽ സേനയുമായി സഖ്യം. ഇതാണ് കോൺഗ്രസിന്റെ മതേതരത്വം. ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവൻ നടപ്പാക്കും. ഇന്ത്യയിലെ മുസ്ളീങ്ങൾക്ക് ഒരു തരത്തിലുള്ള ഭീഷണിയും ബില്ല് ഉണ്ടാക്കുന്നില്ല. ബംഗാളികളും വടക്കുകിഴക്കൻ സംസ്ഥാനക്കാരും അശങ്കപ്പെടേണ്ട.