
ദില്ലി: കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ , പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിനിടെ ലോക്സഭയില്‍ ദേശീയ പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് അവതരിപ്പിക്കപ്പെട്ടു. രാജ്യമെമ്പാടും പ്രത്യേകിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില് പൗരത്വ ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ത്രിപുരയിലും മണിപ്പൂരിലും ബില്ലിനെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധിച്ചു. മണിപ്പൂരില്‍ തിങ്കള്‍ രാത്രി ഒരുമണിക്ക് ആരംഭിച്ച പ്രതിഷേധം ഡിസംബര്‍ 11 വരെ തുടരുമെന്നാണ് വിവരം. തലസ്ഥാനമായ ഇംഫാലിലെ മാര്‍ക്കറ്റുകള്‍ പ്രതിഷേധത്തില്‍ സ്തംഭിച്ചു. പ്രാദേശിക ഗതാഗത സൗകര്യവും ഇവിടെ നിലച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില് പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് പീപ്പിള്‍ എഗൈന്‍സ്റ്റ് സിറ്റിസന്‍ഷിപ്പ് അമെന്‍റ്മെന്‍റ് ബില്‍ കണ്‍വീനര്‍ ദിലീപ് കുമാര്‍ പറഞ്ഞു.
പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റില്‍ ബില്‍ പാസായാല്‍ കോടതിയില്‍ പോകുമെന്നായിരുന്നു മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി കെ എച്ച് ദേവ്‍ബര്‍ത്ത പറഞ്ഞത്. മണിപ്പൂരിലേതിന് സമാനമായ അവസ്ഥയായിരുന്നു ത്രിപുരയിലും. പ്രതിഷേധങ്ങളാല്‍ സജീവമായിരുന്ന ത്രിപുരയിലും സാധാരണ ജീവിതം സ്തംഭിച്ചു. രാവിലെ മുതല്‍ വൈകിട്ട് വരെ നീണ്ടുനില്‍ക്കുന്ന പ്രതിഷേധങ്ങളാണ് ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര യുടെ നേതൃത്വത്തില്‍ നടത്തിയത്. ബില്ല് ത്രിപുരയില്‍ നടപ്പിലാക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ബില്ലിനെതിരെ പ്രതിഷേധിച്ച ആയിരത്തോളം ആളുകളെയാണ് ഇന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രാദേശിക സംഘടനകളുടെ 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധമാണ് അസമിലും കാണാന്‍ കഴിഞ്ഞത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും ഇവിടെ അടഞ്ഞ് കിടന്നു.
വടക്ക് കിഴക്കന്‍ മേഖലകളിലെ പ്രത്യേക അവകാശമുള്ള മേഖലകളില്‍ നിയമം ബാധകമാകില്ലെങ്കിലും ഇവിടങ്ങളിലെ ജനങ്ങളും പ്രതിഷേധത്തിലായിരുന്നു. പൗരത്വ ഭേഗദതി ബില്ലിനെ നാഗാസ് സ്വീകരിക്കില്ലെന്ന് നാഗാ ഹോഹോ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ സുരക്ഷിതരാണ് പക്ഷേ പൗരത്വ നിയമഭേദഗതി ബില്ലിന്‍റെ ആവശ്യമെന്താണെന്നാണ് ഇവരുടെ ചോദ്യം. അതേസമയം ബില്ല് നടപ്പിലായാല്‍ നാഗാലാന്‍റിലേക്ക് ജനങ്ങള്‍ കുടിയേറി പാര്‍ക്കുമോയെന്ന ഭയവും ഇവര്‍ക്കുണ്ട്. സമാനമായ ഭയം മിസോറാം ജനങ്ങള്‍ക്കുമുണ്ട്. അസാമില്‍ നിന്ന് ഒരു വിഭാഗം ജനങ്ങള്‍ പുറത്താക്കപ്പെടുന്നതോടെ മിസോറാമിലേക്ക് ഈ ജനങ്ങള്‍ ഒഴുകിയെത്തമോയെന്നതും ഇവരുടെ ആശങ്കയാണ്. പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് എല്ലാ വടക്കുകിഴക്കന്‍ പ്രദേശങ്ങളെയും ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam