'ഫെബ്രുവരി 11ന് ഫലം വരുമ്പോൾ എല്ലാവരേയും ഞെട്ടിക്കും': ദില്ലി തെരഞ്ഞെടുപ്പിൽ അമിത് ഷാ

By Web TeamFirst Published Feb 6, 2020, 7:41 PM IST
Highlights

ദില്ലിയും രാജ്യവും സുരക്ഷിതമാക്കാൻ ഫെബ്രുവരി എട്ടിന് എല്ലാവരും കുടുംബത്തോടൊപ്പം വോട്ടുചെയ്യണമെന്ന് ഷാ അഭ്യർത്ഥിച്ചു.

ദില്ലി: ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ വിജയ പ്രതീക്ഷ പങ്കുവച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഫെബ്രുവരി 8ന് ദില്ലിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള മത്സരമാണെന്നും വോട്ടെടുപ്പ് ഫലം എല്ലാവരെയും ഞെട്ടിക്കുമെന്നും അമിത് ഷാ പറഞ്ഞു. കിഴക്കൻ ദില്ലിയിലെ കോണ്ട്‌ലിയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് ഷായുടെ പരാമർശം.

“ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെയും ദില്ലിയുടേയും സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഇത് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള തെരഞ്ഞെടുപ്പാണ്, കോണ്ട്‌ലിയിലെ ആളുകൾ ഏത് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണ്,”- അമിത് ഷാ പറഞ്ഞു.‌ പൗരത്വ നിയ ഭേദഗതി, രാമ ക്ഷേത്രം, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളിൽ എഎപിയും കോൺ​ഗ്രസും ബിജെപിയെ എതിർത്തത് അവരുടെ വോട്ട് ബാങ്ക് ഭയം കാരണമാണെന്നും ഷാ ആരോപിച്ചു.
 
“നിങ്ങൾ അവരുടെ വോട്ട് ബാങ്കാണോ?” ഷാ ജനക്കൂട്ടത്തോട് ചോദിച്ചു, “ഇല്ല” എന്നായിരുന്നു അവരുടെ മറുപടി. “ആരാണ് അവരുടെ വോട്ട് ബാങ്ക്?” എന്ന് വീണ്ടും ചോദിച്ചപ്പോൾ “ഷഹീൻ ബാഗ്”എന്ന് സദസ്സ് മറുപടി നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ദില്ലിയും രാജ്യവും സുരക്ഷിതമാക്കാൻ ഫെബ്രുവരി 8ന് എല്ലാവരും കുടുംബത്തോടൊപ്പം വോട്ടുചെയ്യണമെന്ന് ഷാ അഭ്യർത്ഥിച്ചു. നിങ്ങളുടെ തീരുമാനം എനിക്കറിയാം, ഫെബ്രുവരി പതിനൊന്നിലെ ഫലങ്ങൾ എല്ലാവരെയും ഞെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ “ഒന്നാം നമ്പർ നുണയൻ” എന്ന് അമിത് ഷാ യോ​ഗത്തിൽ വിളിച്ചു.15 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, 5,000 ഡിടിസി ബസുകൾ വാങ്ങുക, 1,000 സ്കൂളുകൾ തുറക്കുക, താൽക്കാലിക തൊഴിലാളികളെ ക്രമീകരിക്കുക, സൗജന്യ വൈഫൈ സൗകര്യം നൽകുക തുടങ്ങിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ഷാ പറഞ്ഞു.
 

click me!