
ശ്രീനഗര്‍: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ടർപട്ടിക തയ്യാറാക്കി സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് കശ്മീരിൽ നടത്തിയ റാലിയിൽ അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണമെന്ന പരോക്ഷ സൂചന നല്‍കിയായിരുന്നു അമിത് ഷായുടെ കശ്മീര്‍ പര്യടനം. ജമ്മു കശ്മീർ പുനസംഘടനയുടെ മൂന്നാം വർഷത്തിൽ കശ്മീരിൽ തെരഞ്ഞെടുപ്പെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിലിരക്കവേ തെരഞ്ഞെടുപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന കൂടിയാണ് അമിത് ഷാ നൽകുന്നത്. വോട്ടർപട്ടികയുടെ നടപടികൾ പൂർത്തിയാക്കിയാൽ സുത്യാരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.
ജമ്മു കശ്മീരില്‍ നിന്ന് തീവ്രവാദത്തെ പൂര്‍ണമായും തുടച്ചുനീക്കും. ഭീകരത തുടരുന്ന പാകിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്നും ബാരാമുള്ളയിലെ റാലിയിൽ അമിത് ഷാ വ്യക്തമാക്കി. ബാരാമുള്ളയിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത ഷാ പ്രതിപക്ഷത്തെയും കടന്നാക്രമിച്ചു. കശ്മീരിലെ വികസനം മന്ദഗതിയിലാക്കിയത് അബ്ദുള്ളകളും മുഫ്തികളും നെഹ്‌റു - ഗാന്ധി കുടുംബവുമാണെന്ന് ഷാ തുറന്നടിച്ചു. സ്റ്റേജിലെ ബുള്ളറ്റ് പ്രൂഫ് സംവിധാനം ഒഴിവാക്കിയാണ് പൊതുറാലിയില്‍ അമിത് ഷാ സംസാരിച്ചത്.
ജമ്മു കശ്മീരില്‍ ഗുജ്ജർ, ബകർവാൾ, പഹാഡി വിഭാഗങ്ങളെ പട്ടികജാതിയിലുൾപ്പെടുത്തി സംവരണം നല്‍കുമെന്ന് അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. ജമ്മുകശ്‍മീര്‍ ലഫ് ഗവർണർ നിയോഗിച്ച സമിതിയാണ് മൂന്ന് വിഭാഗക്കാർക്കും സംവരണം നല്‍കണമെന്ന ശുപാർശ നല്‍കിയത്. ശുപാർശ പരിശോധിക്കാനായി സമിതിയെ ചുമതലപ്പെടുത്തി, സമിതി നല്‍കുന്ന നിർദേശങ്ങൾ നടപ്പിലാക്കുമെന്നും അമിത് ഷാ രജൗരിയില്‍ പറഞ്ഞു. പഹാഡി വിഭാഗക്കാർക്ക് സംവരണം നല്‍കുകയാണെങ്കില്‍ രാജ്യത്ത് ഭാഷാ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്ന ആദ്യ നടപടിയായിരിക്കും. ആറ് ലക്ഷത്തോളമാണ് പഹാഡീ വിഭാഗക്കാരുടെ ജനസംഖ്യ.