വിവാഹാഘോഷങ്ങൾക്കായി പോയ ബസ് മറിഞ്ഞ് അപകടം, ഉത്തരാഖണ്ഡിൽ 25 പേർ മരിച്ചു

By Web TeamFirst Published Oct 5, 2022, 1:18 PM IST
Highlights

അപകടത്തെ തുടർന്നുണ്ടായ മരണത്തിൽ ദുഃഖമുണ്ടെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഷ്ട്രപതി

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഇന്നലെ രാത്രി വിവാഹ സൽക്കാരത്തിനായി പോയ ബസ് തടാകത്തിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. പൗരി ഗർവാൾ മേഖലയിലാണ് അപകടം നടന്നത്. രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ 20 യാത്രക്കാരെ രക്ഷപ്പെടുത്തി. ഏകദേശം 45 പേരുമായി യാത്ര ചെയ്ത ബസ് ഉത്തരാഖണ്ഡിലെ ഒരു പർവത പാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് 500 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞത്. 

"ധൂമാക്കോട്ടിലെ ബിരോഖൽ മേഖലയിൽ ഇന്നലെ രാത്രി നടന്ന ബസ് അപകടത്തിൽ 25 പേരെ മരിച്ചു. പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും നടത്തിയ രക്ഷാപ്രവർത്തനത്തിൽ 21 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു" സംസ്ഥാന പൊലീസ് മേധാവി അശോക് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

രക്ഷാപ്രവർത്തകർ പരിക്കേറ്റ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. അപകടത്തെ തുടർന്നുണ്ടായ മരണത്തിൽ ദുഃഖമുണ്ടെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഷ്ട്രപതി ദ്രൗപതി മുർമു ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് സംഭവത്തിൽ പ്രതികരിച്ചു. ഹൃദയഭേദകമെന്നാണ് ട്വീറ്റ് ചെയ്തത്. 

"ഉത്തരാഖണ്ഡിലെ പൗരിയിൽ ഉണ്ടായ ബസ് അപകടം ഹൃദയഭേദകമാണ്. ഞാൻ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകും” പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉദ്ധരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തുകയും സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പൗരി ഗഡ്‌വാളിൽ അപകടം നടന്ന സ്ഥലത്ത് നിന്ന് 122 കിലോമീറ്റർ അകലെ ജില്ലയിലെ ലാൽദാംഗിൽ നിന്നാണ് വിവാഹ സംഘം പുറപ്പെട്ടതെന്ന് ഹരിദ്വാർ പൊലീസ് മേധാവി സ്വന്തന്ത്ര കുമാർ സിംഗ് പറഞ്ഞു.

Read More : രക്ഷാപ്രവർത്തനത്തിനിടെ ആംബുലൻസിലേക്ക് കാർ ഇടിച്ചുകയറി അപകടം, 5 മരണം; വീഡിയോ

click me!