
ദില്ലി: വന്ദേമാതരത്തെ അധിക്ഷേപിച്ചാൽ തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്ല് നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാകും ബില്ല് അവതരിപ്പിക്കുക. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ അമെന്‍റ്മെന്‍റ് ബില്ല് 2026 എന്ന പേരിലാകും വന്ദേ മാതരത്തെ അപമാനിച്ചാല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് കൊണ്ടുവരിക. വന്ദേ മാതരം പാടുന്നത് തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ ശല്യമുണ്ടാക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ വ്യവസ്ഥ ചെയ്യുന്നതാകും ബില്ല്. ദേശീയ ഗാനത്തെ അപമാനിച്ചാലുള്ള ശിക്ഷ എന്താണോ അതിന് സമാനം. നിലവില്‍ ശിക്ഷയൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം ക്ലിയറന്‍സ് നല്‍കിയതോടെയാണ് ബില്ല് പാര്‍ലമെന്‍റിലേക്ക് എത്തുന്നത്.
തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13 വരെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണത്തേത്. സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. എഫ്സിആര്‍എ ഭേദഗതി ബില്‍, വന്ദേമാതരത്തെ അപമാനിച്ചാല്‍ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന ബില്ലടക്കം അഞ്ചിലധികം സുപ്രധാന ബില്ലുകള്‍ ഇത്തവണത്തെ സമ്മേളനത്തില്‍ അവതരിപ്പിക്കും. എന്നാല്‍ മണ്ഡല പുനര്‍ നിര്‍ണ്ണയം, 130ാം ഭേദഗതിയടക്കം സുപ്രധാന ഭരണഘടന ഭേദഗതി ബില്ലുകള്‍ തല്‍ക്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. പ്രതിപക്ഷ നീക്കം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തിങ്കളാഴ്ച വിളിച്ച ഇന്ത്യ സഖ്യം യോഗത്തില്‍ എത്ര പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam