രാജ്യസഭാ എംപിമാരുടെ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമായി 2 വർഷത്തിനിടെ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 262 കോടിയിലധികം രൂപ; രേഖകൾ പുറത്ത്

Published : Jul 19, 2026, 04:24 PM IST
rajya sabha

Synopsis

കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി രാജ്യസഭാ എംപിമാർക്കായി കേന്ദ്ര ഖജനാവിൽ നിന്ന് 262 കോടിയിലധികം രൂപ ചിലവഴിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ശമ്പളം, അലവൻസുകൾ, യാത്രകൾ എന്നിവയ്ക്കായി ചിലവിട്ട തുകയിൽ 2024-25 വർഷത്തെ അപേക്ഷിച്ച് 2025-26ൽ 65 കോടിയുടെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ദില്ലി: രാജ്യത്തെ സിറ്റിംഗ് രാജ്യസഭാ എംപിമാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി (2024-25, 2025-26) കേന്ദ്ര ഖജനാവിൽ നിന്ന് ചിലവഴിച്ചത് 262 കോടിയിലധികം രൂപയെന്ന് രേഖകൾ. ഇതിൽ 151 കോടിയിലധികം രൂപയും എംപിമാരുടെ യാത്രകൾക്കും അലവൻസുകൾക്കുമായി മാത്രമാണ് ചിലവിട്ടതെന്ന് വിവരാവകാശ നിയമപ്രകാരം (RTI) ലഭിച്ച മറുപടി വ്യക്തമാക്കുന്നു. വിവരാവകാശ പ്രവർത്തകനായ ചന്ദർ ശേഖർ ഗൗർ സമർപ്പിച്ച അപേക്ഷയ്ക്ക് രാജ്യസഭാ സെക്രട്ടേറിയറ്റ് നൽകിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത്.

ചെലവുകൾ കുത്തനെ കൂടി

2024-25 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് തൊട്ടടുത്ത വർഷം എംപിമാർക്കായുള്ള ചിലവുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യസഭാ അംഗങ്ങൾക്കായി ചിലവഴിച്ചത് 98 കോടിയിലധികം രൂപയായിരുന്നു. എന്നാൽ, 2025-26 സാമ്പത്തിക വർഷത്തിൽ ഇത് കുത്തനെ ഉയർന്ന് 163 കോടിയിലധികം രൂപയായി മാറി. 65 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എംപിമാരുടെ ശമ്പളം, ആഭ്യന്തര- അന്തർദ്ദേശീയ യാത്രകൾ, മെഡിക്കൽ ബില്ലുകൾ, ഓഫീസ് ചെലവുകൾ എന്നിവയുൾപ്പെടെയുള്ള കണക്കുകളാണിത്.

2024-25 സാമ്പത്തിക വർഷത്തെ ചിലവുകൾ

കഴിഞ്ഞ സാമ്പത്തിക വ‍ർഷത്തിൽ രാജ്യസഭാ അംഗങ്ങളുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി മൊത്തം 98 കോടിയിലധികം രൂപയാണ് ചിലവഴിച്ചത്. ‌

ശമ്പളം: എംപിമാരുടെ ശമ്പള ഇനത്തിൽ മാത്രം 25.71 കോടിയിലധികം രൂപ ചിലവഴിച്ചു.

അലവൻസുകൾ (ആനുകൂല്യങ്ങൾ): വിവിധ തരത്തിലുള്ള അലവൻസുകൾക്കായി 33.33 കോടിയിലധികം രൂപ നൽകി.

യാത്രാ ചെലവുകൾ: എംപിമാരുടെ ഔദ്യോഗിക യാത്രകൾക്കായി (Tour Expenses) 24.99 കോടി രൂപയാണ് ഖജനാവിൽ നിന്ന് ചിലവിട്ടത്.

മെഡിക്കൽ ബില്ലുകൾ: അംഗങ്ങളുടെ ചികിത്സാ ചിലവുകൾക്കായി 8.2 കോടി രൂപ ചിലവഴിച്ചു.

2025-26 സാമ്പത്തിക വർഷത്തെ ചിലവുകൾ

തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 2025-26ൽ ചിലവുകളിൽ 65 കോടി രൂപയുടെ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷം മൊത്തം ചിലവ് 163 കോടിയിലധികം രൂപയായി ഉയർന്നു.

ശമ്പളം: എംപിമാരുടെ ശമ്പള ഇനത്തിലുള്ള ചിലവ് 44.6 കോടിയിലധികം രൂപയായി വർദ്ധിച്ചു.

അലവൻസുകൾ (ആനുകൂല്യങ്ങൾ): അലവൻസുകൾക്കായി മാത്രം ഈ വർഷം 58.78 കോടിയിലധികം രൂപ ചിലവഴിക്കേണ്ടി വന്നു.

യാത്രാ ചെലവുകൾ: യാത്രാ ഇനത്തിലെ ചിലവുകൾ കുത്തനെ ഉയർന്ന് 36 കോടി രൂപയിലെത്തി.

മെഡിക്കൽ ബില്ലുകൾ: മെഡിക്കൽ ആനുകൂല്യങ്ങൾക്കായി ഈ വർഷം 9.6 കോടി രൂപ ചിലവഴിച്ചു.

ഈ പ്രധാന ചെലവുകൾ കൂടാതെ ഡിജിറ്റൽ ഉപകരണങ്ങൾ, ഇന്ധനം, പ്രിന്റിംഗ്, ഓഫീസ് അറ്റകുറ്റപ്പണികൾ, സബ്‌സിഡികൾ തുടങ്ങിയ മറ്റ് 21 ഇനം ആനുകൂല്യങ്ങളുടെ ചിലവുകളും ഈ ആകെ തുകയിൽ ഉൾപ്പെടുന്നു. രണ്ട് വർഷത്തെയും കൂട്ടി ആകെ ചിലവ് 262 കോടിയിലധികം രൂപയാണ് ചെലവഴിച്ചിട്ടുള്ളതെന്ന് ആ‍ർടിഐ കണക്കുകൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
152 ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടും നടപടിയില്ല, മോദി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധി, വിമർശിച്ച് രാഹുൽ ഗാന്ധി