അദ്ദേഹം ധീരനായിരുന്നു; ഹെഡ്കോൺസ്റ്റബിൾ രത്തൻ ലാലിന്റെ ഭാര്യയ്ക്ക് അമിത് ഷായുടെ കത്ത്

By Web TeamFirst Published Feb 26, 2020, 9:26 AM IST
Highlights

അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പം രാജ്യം മുഴുവനുമുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കത്തിൽ വ്യക്തമാക്കി. ജോലിക്കിടെ മഹത്തായ ത്യാഗമാണ് അദ്ദേഹം നടത്തിയതെന്നും രത്തൻ ലാലിന്‍റെ ഭാര്യ പൂനം ദേവിക്ക് എഴുതിയ കത്തിൽ ആഭ്യന്തരമന്ത്രി പറഞ്ഞു.


ദില്ലി: ദില്ലി സംഘർഷത്തിൽ കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ ഭാര്യയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷായുടെ കത്ത്. സംഘർഷം അക്രമാസക്തമാകുകയും വർ​ഗീയ കലാപത്തിന് വഴി തെളിക്കുകയും ചെയ്ത സാഹചര്യത്തിൽ ഒരു പൊലീസുകാരനുൾപ്പെടെ പതിനാറ് പേരാണ് കൊല്ലപ്പെട്ടത്. ​ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ ആയിരുന്നു രത്തൻലാൽ. 

അദ്ദേഹം ധീരനായിരുന്നു എന്നാണ് രത്തൻലാലിനെക്കുറിച്ച് അമിത് ഷാ കത്തിൽ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പം രാജ്യം മുഴുവനുമുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കത്തിൽ വ്യക്തമാക്കി. ജോലിക്കിടെ മഹത്തായ ത്യാഗമാണ് അദ്ദേഹം നടത്തിയതെന്നും രത്തൻ ലാലിന്‍റെ ഭാര്യ പൂനം ദേവിക്ക് എഴുതിയ കത്തിൽ ആഭ്യന്തരമന്ത്രി പറഞ്ഞു. "ബുദ്ധിമുട്ടേറിയ വെല്ലുവിളികൾ അഭിമുഖീകരിച്ച ധീരനായ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു നിങ്ങളുടെ ഭർത്താവ്. സത്യസന്ധനായ ഒരു പോരാളിയെന്ന നിലയിൽ രാജ്യത്തിനു വേണ്ടി മഹാത്യാഗമാണ് നടത്തിയത്. ഈ സങ്കടം മറികടക്കാൻ ഈശ്വരൻ നിങ്ങൾക്ക് കരുത്ത് നൽകട്ടെ" - ആഭ്യന്തരമന്ത്രി കത്തിൽ വ്യക്തമാക്കി.

വടക്കു കിഴക്കൻ ദില്ലിയിൽ തിങ്കളാഴ്ചയോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നീടത് വർ​ഗീയ കലാപത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. മതം ചോദിച്ചാണ് ആക്രമം നടത്തിയതെന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തി. മരണസംഖ്യ 16 ആയി ഉയരുകയും 250 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷബാധിത പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മുസ്തഫാബാദിലാണ് നിലവിൽ സംഘർഷം രൂക്ഷമായി നടക്കുന്നത്. 

click me!