മോദി രാജ്യം ഭരിക്കുക മാത്രമല്ല പലതും തിരുത്തുകയും ചെയ്യും: പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ അമിത് ഷാ

Web Desk   | Asianet News
Published : Dec 11, 2019, 07:01 PM ISTUpdated : Dec 11, 2019, 07:55 PM IST
മോദി രാജ്യം ഭരിക്കുക മാത്രമല്ല പലതും തിരുത്തുകയും ചെയ്യും: പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ അമിത് ഷാ

Synopsis

നരേന്ദ്രമോദി അധികാരത്തില്‍ എത്തിയത് സര്‍ക്കാര്‍ നടത്താന്‍ വേണ്ടി മാത്രമല്ല രാജ്യത്ത് പലതും തിരുത്താൻ കൂടിയാണ്.  വിവാദം പേടിച്ച് ശക്തമായ നടപടികളിൽ നിന്ന് ഞങ്ങള്‍ പിന്തിരിയില്ല - പൗരത്വ ഭേദഗതി ചര്‍ച്ചയില്‍ അമിത് ഷാ. 

ദില്ലി: സര്‍ക്കാര്‍ നടത്തി കൊണ്ടു പോകാന്‍ മാത്രമല്ല നരേന്ദ്രമോദി അധികാരത്തിലെത്തിയതെന്നും രാജ്യത്ത് പല തിരുത്തലുകളും നടത്താന്‍ കൂടിയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ ആണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. വിവാദങ്ങളെ പേടിച്ച് ശക്തമായ നടപടികളില്‍ നിന്നും ഞങ്ങള്‍ പിന്തിരിയില്ല. പൗരത്വ ഭേദഗതി ബില്‍ പാസായ ശേഷം അഭയാർത്ഥികളുടെ യഥാർത്ഥ എണ്ണം വ്യക്തമാകുമെന്നും അപ്പോള്‍ ലക്ഷക്കണക്കിനാളുകൾ പൗരത്വത്തിന് അപേക്ഷിക്കുമെന്നും  അമിത് ഷാ പറഞ്ഞു. 

  • രാജ്യത്ത് വിഭജനം നടന്നത് കൊണ്ടാണ് ഈ ബില്‍ കൊണ്ടു വരേണ്ടി വന്നത്. അന്‍പത് വര്‍ഷം മുന്‍പേ ഈ ബില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്രകണ്ട് വഷളാവില്ലായിരുന്നു. 
  • നരേന്ദ്രമോദി അധികാരത്തില്‍ എത്തിയത് സര്‍ക്കാര്‍ നടത്താന്‍ വേണ്ടി മാത്രമല്ല രാജ്യത്ത് പലതും തിരുത്താൻ കൂടിയാണ്.  വിവാദം പേടിച്ച് ശക്തമായ നടപടികളിൽ നിന്ന് പിന്തിരിയില്ല
  • ബില്ല് പാസായ ശേഷം അഭയാർത്ഥികളുടെ യഥാർത്ഥ എണ്ണം വ്യക്തമാകും. ലക്ഷക്കണക്കിനാളുകൾ പൗരത്വത്തിന് അപേക്ഷിക്കും
  • അയല്‍രാജ്യങ്ങളില്‍ നിന്നും അനധികൃതമായി കുടിയേറിയ മുസ്ലീങ്ങളെ കൂടി ചേര്‍ത്താല്‍ മാത്രമേ പൗരത്വഭേദഗതി ബില്‍ മതനിരപേക്ഷമാകൂ എന്ന ചിന്ത ബിജെപിക്കില്ല. 
  • രാഷ്ട്രവിഭജനസമയത്ത് ജവഹര്‍ ലാല്‍ നെഹ്റുവും ലിയാഖത്ത് അലിഖാനും തമ്മില്‍ സ്വരാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്ന് ധാരണയിലെത്തിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് മൂന്നാം വര്‍ഷം ഒരു മതേതര ജനാധിപത്യ രാഷ്ട്രം സ്ഥാപിച്ചു കൊണ്ട് ഇന്ത്യ വാക്ക് പാലിച്ചു. 
  • എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കടുത്ത വിവേചനവും ചൂഷണവും ഏല്‍ക്കേണ്ടി വന്നു. അയല്‍രാജ്യങ്ങളില്‍ ന്യൂനപങ്ങള്‍ക്ക് നേരെ ആക്രമണവും വേട്ടയാടലും പതിവായതോടെയാണ് അവിടെയുള്ളവര്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചു. അവരെ സംരക്ഷിക്കാനാണ് ഈ ബില്‍ കൊണ്ടു വന്നത്. 
  • പൗരത്വഭേദഗതി ബില്‍ പാസാക്കാന്‍ പാര്‍ലമെന്‍റിന് അധികാരമുണ്ട്
  • കോടതി ഈ ബില്‍ അംഗീകരിക്കും എന്നുറപ്പുണ്ട്.
  • ആറ് മതങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പൗരന്‍മാരായി അംഗീകരിക്കാന്‍ തീരുമാനിച്ചതിനെപ്പറ്റി ആരുമൊന്നും മിണ്ടുന്നില്ല മുസ്ലീംങ്ങളെ ഉള്‍പ്പെടുത്തിയില്ല എന്നതാണ് എല്ലാവര്‍ക്കും ചര്‍ച്ച ചെയ്യേണ്ടത്.
  • ബംഗ്ലാദേശിലേയും പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും മുസ്ലീങ്ങളെ ന്യൂനപക്ഷങ്ങള്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമോ. അതെല്ലാം ഇസ്ലാമിക രാഷ്ട്രങ്ങളാണ്. ഒരു ഇസ്ലാമിക രാഷ്ട്രത്തില്‍ എങ്ങനെയാണ് മുസ്ലീങ്ങള്‍ വിഭാഗീയത നേരിടുക. 
  • ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേരത്തെ തന്നെ നിയമം കൊണ്ടു വന്നതാണ്. ഇനി അടുത്ത മൂന്ന് രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍‍ പരിഹരിക്കാം. 
  • മുഹമ്മദലി ജിന്ന മൂലമാണ് ഇന്ത്യയെ വിഭജിക്കേണ്ടി വന്നത് എന്ന് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമറിയാം. ജിന്നയുടെ ആവശ്യപ്രകാരമാണ് രണ്ട് രാജ്യങ്ങളുണ്ടായത്. എന്തിനാണ് കോണ്‍ഗ്രസ് ആ ആവശ്യത്തെ പിന്തുണച്ചത് എന്നു മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തിനാണ് മതത്തിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ചത്. 

  • ഭരണഘടനയുടെ 14-ാം അനുച്ഛേദം മുന്നോട്ട് വയ്ക്കുന്ന സമത്വം എന്ന ആശയത്തിന് എതിരാണ് പൗരത്വ ഭേദഗതി ബില്‍ എന്ന പ്രതിപക്ഷ വിമര്‍ശനം അടിസ്ഥാന രഹിതമാണ്. മുസ്ലീങ്ങളടക്കം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ പൗരത്വഭേദഗതി നിയമം ഒരു രീതിയിലും ബാധിക്കില്ല.   

  • യുപിഎ ഭരണകാലത്ത് പാകിസ്ഥാനില്‍ നിന്നും സിഖ്-ഹിന്ദു ന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തുന്ന കാര്യം രാജസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. വിഷയം ഗൗരവകരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്ര അഭ്യന്തരമന്ത്രി പി.ചിദംബരത്തിന് കത്തയക്കുകയും ചെയ്തു.

  • ഹിന്ദു-സിഖ് ന്യൂനപക്ഷങ്ങളില്‍പ്പെട്ട 13000 പേര്‍ക്ക് മാത്രമാണ് ഇതുവരെ പൗരത്വം ലഭിച്ചത്.  ഇവിടെയാണ് ആറ് മതന്യൂനപക്ഷങ്ങളിലുള്ളവര്‍ക്ക് നമ്മള്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നത്. 

  • 8 -9 ലക്ഷം ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇതിനോടകം ഇന്ത്യന്‍ പൗരത്വം നല്‍കി കഴിഞ്ഞു. അവരെ പരിഗണിച്ചില്ല എന്ന വാദത്തിന് കഴമ്പില്ല. 

  • ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറുന്നവര്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നത് 2005-ലെ തെര‍ഞ്ഞെടുപ്പ് കാലത്ത് മമതാ ബാനര്‍ജി അന്നത്തെ ബംഗാള്‍ സര്‍ക്കാരിനെതിരെ പ്രചരണായുധമാക്കിയിരുന്നു. ബംഗാളില്‍ ഇന്ന് ദുര്‍ഗ്ഗാ പൂജ നടത്താന്‍ വരെ ഹിന്ദുക്കള്‍ക്ക് ഹൈക്കോടതിയില്‍ പോകേണ്ട അവസ്ഥയാണ്. 

  • ഇന്ത്യയുടെ ആശയം എന്താണെന്ന് എന്നെയാരും പഠിപ്പിക്കേണ്ട, ഇവിടെ ജനിച്ച് ഇവിടെ മരിക്കേണ്ട ആളാണ് ഞാന്‍. 

  • ഇന്നലെ ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ശിവസേന ഇന്ന് നിലപാട് മാറ്റിയിരിക്കുകയാണ്. എങ്ങനെയാണ് രാത്രിക്ക് രാത്രി നിലപാട് മാറ്റിയതെന്ന് മഹാരാഷ്ട്രയിലെ ജനങ്ങളോട് ശിവസേന വ്യക്തമാക്കണം. 

  • റോഹിംഗ്യ മുസ്ലീങ്ങളെ എന്തു കൊണ്ട് ബില്ലില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് പലരും ചോദിച്ചു. റോഹിംഗ്യക്കാര്‍ നേരിട്ട് ഇന്ത്യയിലേക്ക് വന്നവരല്ല. അവര്‍ മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറിയവരാണ്. അവിടെ നിന്നുമാണ് ഇന്ത്യയിലെത്തിയത്. 

  • പാകിസ്ഥാൻറെയും കോൺഗ്രസിൻറയും ഭാഷ ഒരേ പോലെയാണ്. മിന്നാലക്രമണ സമയത്തും 370-ാം അനുച്ഛേദം നീക്കിയപ്പോഴും ഇപ്പോള്‍ ഇതാ പൗരത്വ ബില്ലിലും പാകിസ്ഥാനും കോണ്‍ഗ്രസിനും ഒരേ സ്വരമാണ്. 

  • പൗരത്വ ഭേദഗതി ബില്ലോ, 370- വകുപ്പ് എടുത്തു കളയല്ലോ, മുത്തലാഖ് നിരോധനമോ ഇതൊന്നും തന്നെ മുസ്ലീം വിരുദ്ധമല്ല. സ്ത്രീകള്‍ക്ക് യാതൊരു അവകാശങ്ങളും വേണ്ടെന്ന് ചിന്തിക്കുന്നവര്‍ മാത്രമേ മുത്തലാഖ് നിരോധനത്തെ പിന്തുണക്കൂ. 370-ാം വകുപ്പ് എടുത്തു കളഞ്ഞിട്ടും കശ്മീരില്‍ പ്രശന്ങ്ങളൊന്നും ഇതുവരെയില്ല. ഹിന്ദുക്കളും ജൈനരും എല്ലാം കശ്മീരിലുണ്ട് എന്നോര്‍ക്കുക. ഇപ്രകാരം തന്നെയാണ് പൗരത്വഭേദഗതി ബിലും അതൊരിക്കലും മുസ്ലീം വിരുദ്ധമാകില്ല. രാജ്യത്തെ മുസ്ലീം പൗരന്‍മാരെ തൊടുന്ന ഒന്നും പൗരത്വ ഭേദഗതി ബില്ലില്‍ ഇല്ല. 

അതേസമയം പൗരത്വ ഭേദഗതി ബില്ലില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച തുടരുമ്പോള്‍ തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുകയാണ്. പ്രതിഷേധം അതിരുവിട്ടതിനെ തുടര്‍ന്ന് അസമിലും ത്രിപുരയിലു കരസേന രംഗത്തിറങ്ങി. അസമില്‍ ഉള്‍ഫ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ് എന്നാണ് വിവരം. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ത്രിപുരയിലും അസമിലും ഇന്‍റര്‍നെറ്റ് സേവനം റദ്ദ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു