
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയ്ക്ക് കീഴിൽ 1,337 റെയില്‍വേ സ്റ്റേഷനുകളുടെ പുനർവികസനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് ദീർഘകാല കാഴ്ചപ്പാടോടെയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയ്ക്ക് തുടക്കമിട്ടത്. സ്റ്റേഷനുകൾ മെച്ചപ്പെടുത്തുന്നതിനായി ഈ പദ്ധതിയിൽ സമഗ്രാസൂത്രണം തയ്യാറാക്കുകയും അവ ഘട്ടം ഘട്ടമായി നടപ്പാക്കുകയും ചെയ്യുന്നു. ലോക്‌സഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
സമഗ്രാസൂത്രണത്തില്‍ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങൾ:
ആവശ്യകതയ്ക്കും ഘട്ടം ഘട്ടമായ പുരോഗതിയ്ക്കും സാധ്യതകൾക്കും അനുസൃതമായി സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരങ്ങൾ, അടിഭാര രഹിത റെയില്‍പാളങ്ങള്‍ തുടങ്ങിയവ ഏർപ്പെടുത്താനും ദീർഘകാലാടിസ്ഥാനത്തിൽ റെയില്‍വേ സ്റ്റേഷനെ ഒരു നഗരകേന്ദ്രമാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയ്ക്ക് കീഴിൽ ഇതുവരെ 1,337 സ്റ്റേഷനുകളാണ് വികസനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയ്ക്ക് കീഴിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇതുവരെ 155 സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
മേഖലാ റെയിൽവേ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ, പ്രധാന നഗരങ്ങളിലും വിനോദസഞ്ചാര - തീർത്ഥാടന പ്രാധാന്യമേറിയ സ്ഥലങ്ങളിലും സ്ഥിതി ചെയ്യുന്ന സ്റ്റേഷനുകൾ എന്നിവ പരിഗണിച്ചാണ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കുന്നത്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയ്ക്ക് കീഴിലെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രാഥമികമായി ബജറ്റ് പിന്തുണയോടെയാണ് ആവിഷ്ക്കരിച്ചത്. എങ്കിലും പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിക്കാന്‍ 15 സ്റ്റേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ വിപുലീകരണം വിഭാവനം ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam