പുതിയ രണ്ട് സെക്ഷനുകൾ കൂടി തുറന്നതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ ശൃംഖലയായി ദില്ലി മെട്രോ തുടരുകയാണ്. രാജ്യത്തെ മെട്രോ യാത്രക്കാരിൽ 55 ശതമാനത്തിലധികവും ഡൽഹി മെട്രോയിലാണ് യാത്ര ചെയ്യുന്നത്.

ദില്ലി: ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ മെട്രോ ശൃംഖലയായി ഇന്ത്യ. മാർച്ച് 8ന് ദില്ലി മെട്രോയുടെ പിങ്ക്, മജന്ത ലൈനുകളിൽ ഓരോ പുതിയ സെക്ഷനുകൾ കൂടി തുറന്നതോടെ, രാജ്യത്തെ ഏറ്റവും വലിയ മെട്രോ ശൃംഖല എന്ന സ്ഥാനം ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആ‍ര്‍സി) നിലനിർത്തി. ഇന്ത്യയുടെ അതിവേഗം വളരുന്ന നഗര റെയിൽ ഗതാഗത രംഗത്ത് നിർണായക പങ്കാണ് ഡിഎംആ‍ര്‍സി വഹിക്കുന്നത്.

ഈ വികസനത്തോടെ, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മെട്രോ ശൃംഖലയായി ഇന്ത്യ മാറി. നിലവിൽ 26 നഗരങ്ങളിലായി 1,143 കിലോമീറ്ററിലധികം മെട്രോ ലൈനുകൾ പ്രവർത്തിക്കുന്നുണ്ട്. ദിവസവും ഏകദേശം 1.15 കോടി ആളുകളാണ് രാജ്യത്ത് മെട്രോയിൽ യാത്ര ചെയ്യുന്നത്. രാജ്യത്തെ മൊത്തം മെട്രോ യാത്രക്കാരിൽ 55 ശതമാനത്തിലധികവും ദില്ലി മെട്രോയെയാണ് ആശ്രയിക്കുന്നത്.

രാജ്യത്തെ 1,143 കിലോമീറ്റർ മെട്രോ ശൃംഖലയിൽ 416 കിലോമീറ്ററും ദില്ലിയിലും സമീപ പ്രദേശങ്ങളിലുമാണ്. ഇതിൽ 303 സ്റ്റേഷനുകളുണ്ട്. നോയിഡ-ഗ്രേറ്റർ നോയിഡ മെട്രോയുടെ 29 കിലോമീറ്ററും (21 സ്റ്റേഷനുകൾ), റാപ്പിഡ് മെട്രോ ഗുരുഗ്രാമിന്റെ 13 കിലോമീറ്ററും (12 സ്റ്റേഷനുകൾ) ഇതിൽ ഉൾപ്പെടും. ദില്ലിയെ നോയിഡ, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം തുടങ്ങിയ പ്രധാന എൻസിആ‍ര്‍ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നത് ഈ ശൃംഖലയാണ്.

ദില്ലി മെട്രോയിൽ 343 ട്രെയിനുകളിലായി (2368 കോച്ചുകൾ) ദിവസവും ഏകദേശം 4,508 ട്രിപ്പുകളാണ് നടത്തുന്നത്. എല്ലാ ദിവസവും ഏകദേശം 1,40,112 കിലോമീറ്റർ ദൂരം ഈ ട്രെയിനുകൾ ഓടുന്നുണ്ട്. കൃത്യനിഷ്ഠയുടെ കാര്യത്തിലും ദില്ലി മെട്രോ മുന്നിലാണ്. 99.9% ആണ് ഇവരുടെ സമയകൃത്യത. ഇത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്.

യാത്രക്കാരുടെ എണ്ണത്തിലും ദില്ലി മെട്രോ റെക്കോർഡുകൾ തീർക്കുകയാണ്. 2024-ൽ 223.5 കോടി യാത്രകൾ (ദിവസവും ശരാശരി 62.39 ലക്ഷം) രേഖപ്പെടുത്തി. 2025-ൽ ഇത് 235.8 കോടിയായി (ദിവസവും ശരാശരി 64.60 ലക്ഷം) ഉയർന്നു. 2024 നവംബർ 18-ന് 78,67,649 പേർ യാത്ര ചെയ്തതായിരുന്നു ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്ക്. എന്നാൽ 2025 ഓഗസ്റ്റ് 8-ന് 81,87,674 പേർ യാത്ര ചെയ്തതോടെ ആ റെക്കോർഡ് തിരുത്തിക്കുറിച്ചു.