
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത ഫഡ്നവസിന്റെ പരാതി. ഡിസൈനറായ യുവതിക്കെതിരെയാണ് അമൃത പരാതി നൽകിയത്. കൈക്കൂലി വാഗ്ദാനം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന അനിഷ്ഘ എന്ന ഡിസൈനർക്കെതിരെ അമൃത പരാതി നൽകിയത്. പരാതിക്ക് തൊട്ടുപിന്നാലെ പൊലീസ് ഉവരെ അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന അനിൽ ജയ്സിംഘനി എന്നയാളുടെ മകളാണ് അനിഷ്ഘ.
പിതാവിനെ രക്ഷപ്പെടുത്താനായി അനിഷ്ഘ തനിക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് അമൃതയുടെ പരാതി. പരാതിക്ക് പിന്നാലെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. എന്നാൽ, അമൃതയും അനിഷ്ഘയും സംസാരിക്കുന്ന വീഡിയോ, ഓഡിയോ പുറത്തുവന്നതോടെ ദേവേന്ദ്ര ഫഡ്നവിസിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഡിസൈനർക്കെതിരെയുള്ള പരാതിയുടെ സത്യാവസ്ഥ പുറത്തുവരണമെന്ന് എൻസിപി നേതാവ് അജിത് പവാർ പറഞ്ഞു. അമൃതയും അനിഷ്ഘയും തമ്മിൽ ബന്ധമുണ്ടെന്ന് ശിവസേന (ഉദ്ധവ് വിഭാഗം നേതാവ്) പ്രിയങ്ക ചതുർവേദി ആരോപിച്ചു. അനിഷ്ഘയുടെ ബ്രാൻഡിനെ അമൃത പ്രമോട്ട് ചെയ്തിരുന്നുവെന്നും പതിവായി ഉപയോഗിച്ചിരുന്നെന്നും പ്രിയങ്ക ആരോപിച്ചു.
എന്നാൽ, അനിഷ്ഘ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അടക്കമുള്ള ഉൽപ്പന്നങ്ങൾ പരിപാടികളിൽ ധരിക്കാൻ അനിഷ്ഘ തന്നെ നിർബന്ധിച്ചിരുന്നെന്നും സഹതാപം തോന്നിയതിനാൽ താൻ അവരുടെ ബ്രാൻഡ് ഉപയോഗിച്ചിരുന്നെന്നും അമൃത പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഭാര്യക്കും തനിക്കും നേരെയുള്ള ആരോപണങ്ങൾ ദേവേന്ദ്ര ഫഡ്നവിസ് നിഷേധിച്ചു. തന്റെ ഭാര്യയെ അനിഷ്ഘ ബ്ലാക്ക് മെയിൽ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ നിരവധി കേസുകളുള്ള കുറ്റവാളിയാണ് അനിൽ ജയ്സിംഘനി. കഴിഞ്ഞ എട്ട് വർഷമായി ഇയാൾ ഒളിവിലാണ്. പരാതി പ്രകാരം 2015-16 കാലത്താണ് അമ-തയുമായി അനിഷ്ഘ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. എന്നാൽ പിന്നീട് ഇവരെക്കുറിച്ച് വിവരമില്ലാതായി. 2021ൽ വീണ്ടും അമൃതയെ കാണാനെത്തി. അമൃത എഴുതിയ ഒരു പുസ്തകം അനിഷ്ഘക്ക് ലഭിച്ചെന്നും അവളുടെ ഡിസൈനർ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാൻ അമൃതയുടെ സഹായം തേടിയെന്നും കുടുംബാംഗങ്ങളെ കുടുക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ ആരോപണമെന്നും ഫഡ്നാവിസ് നിയമസഭയിൽ പറഞ്ഞു.
മോദി സിഖുകാർക്കും സിഖ് മതത്തിനും ധാരാളം സഹായങ്ങൾ ചെയ്തു തന്നു; ജസ്വന്ത് സിങ് തെക്കേദാർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam