
അമരാവതി: വിശാഖപട്ടണത്ത് 21.16 ഏക്കർ ഭൂമി 99 പൈസ ടോക്കൺ പാട്ടത്തിന് ടിസിഎസിന് അനുവദിക്കാൻ ആന്ധ്രാപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. ഐടി ഹിൽ നമ്പർ 3 ലെ സ്ഥലം ഐടി കാമ്പസിനായി ഉപയോഗിക്കാനാണ് കമ്പനിക്ക് കുറഞ്ഞ വിലക്ക് ഭൂമി അനുവദിച്ചത്. 1,370 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. 12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ടാറ്റ അവകാശപ്പെടുന്നു.
2024 ഒക്ടോബറിൽ ആന്ധ്രാപ്രദേശിന്റെ ഐടി മന്ത്രി നര ലോകേഷ് മുംബൈയിലെ ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനം സന്ദർശിച്ചപ്പോഴാണ് സംസ്ഥാനത്ത് ഐടി കാമ്പസ് ആരംഭിക്കുന്നതുമായി ചർച്ച നടന്നത്. അടുത്ത പദ്ധതിക്കായി ആന്ധ്രയെ പരിഗണിക്കണമെന്ന് ടാറ്റ ഉറപ്പ് നൽകി. തുടർന്നാണ് ഭൂമി ലഭ്യമാക്കണമെന്ന് സർക്കാറിനോടാവശ്യപ്പെട്ടത്. ഗുജറാത്തിലെ സനന്ദിൽ ടാറ്റ മോട്ടോഴ്‌സിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി 99 പൈസക്ക് ഭൂമി അനുവദിച്ചതുമായാണ് നീക്കത്തെ സർക്കാർ താരതമ്യം ചെയ്യുന്നത്. ഗുജറാത്തിലെ വാഹന വ്യവസായത്തിന് വലിയ മാറ്റം കൊണ്ടുവന്ന നീക്കമായാണ് അന്നത്തെ മോദിയുടെ തീരുമാനത്തെ വിലയിരുത്തുന്നത്. 90 ദിവസത്തിനുള്ളിൽ കമ്പനി വിശാഖപട്ടണത്ത് പ്രവർത്തനം ആരംഭിക്കുമെന്നും വാടകയ്ക്ക് എടുത്ത സ്ഥലത്ത് താൽക്കാലികമായി പ്രവർത്തിക്കുമെന്നുമാണ് പറയുന്നത്.
വിജയനഗരത്തിൽ ഒരു സംയോജിത ഉരുക്ക് പ്ലാന്റ് വികസിപ്പിക്കുന്നതിനുള്ള മഹാമായ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നിർദ്ദേശത്തിനുംഗുണ്ടൂർ ജില്ലയിലെ പട്ടിപാടുമണ്ടലിലെ നാദിമ്പാലത്തിൽ 6.35 ഏക്കർ സ്ഥലം ഇ.എസ്.ഐ.സി.ക്ക് (എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ) സൗജന്യമായോ നാമമാത്രമായ വിലയ്ക്കോ 100 കിടക്കകളുള്ള ആശുപത്രിയും ജീവനക്കാർക്കുള്ള റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സും നിർമ്മിക്കാൻ അനുവദിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.
Read More.... പണപ്പെരുപ്പത്തിൽ വെന്ത് കേരളം, മൂന്നാം തവണയും ഒന്നാമത്, ഏറ്റവും കുറവ് തെലങ്കാനയിൽ; എൻഎസ്ഒ റിപ്പോർട്ട് പുറത്ത്
ഏലൂരു ജില്ലയിലെ ദ്വാരക തിരുമല മണ്ഡലത്തിലെ ഐ.എസ്. രാഘവപുരത്ത് 30 ഏക്കർ സ്ഥലം ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിനായി സൗജന്യമായി അനുവദിക്കുന്നതിനും അനുമതി നൽകി. അതോടൊപ്പം നെല്ലൂർ ജില്ലയിലെ മുതുക്കൂർ മണ്ഡലത്തിലെ കൃഷ്ണപട്ടണം ഗ്രാമത്തിൽ 87.56 ഏക്കറും നെലതുരു ഗ്രാമത്തിൽ 220.81 ഏക്കറും വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിനായി എപിഐഐസിക്ക് (ആന്ധ്രാപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ) അനുവദിക്കാനുള്ള നിർദ്ദേശവും അംഗീകരിച്ചു.