
ചെന്നൈ : ബിജെപിയെ വീണ്ടും വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഡൽഹിയിൽ നിന്നുള്ള ഒരു ശക്തിക്കും ഒരിക്കലും ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനം ഭരിക്കാൻ കഴിയില്ലെന്ന് എംകെ സ്റ്റാലിൻ തുറന്നടിച്ചു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും എഐഎഡിഎംകെയും അടുത്തിടെ വീണ്ടും ഒന്നിച്ച പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രസ്താവന.
തമിഴ്നാട് എപ്പോഴും ദില്ലിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള റെയ്ഢും മറ്റു സ്ഥലങ്ങളിലെ വിഭജനതന്ത്രവും തമിഴ്നാട്ടിൽ വിജയിക്കില്ല. 2026 ലും തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടി അധികാരത്തിലെത്തുമെന്നും ബിജെപി സഖ്യം തമിഴ്നാട് ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയായി സ്റ്റാലിൻ പറഞ്ഞു.
കേന്ദ്ര വിഹിതം ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കും സ്റ്റാലിൻ മറുപടി നൽകി. കേന്ദ്രവിഹിതം ചോദിക്കുന്നത് കരച്ചിൽ അല്ല, സംസ്ഥാനങ്ങളുടെ അവകാശമാണ്. കേന്ദ്രത്തിന് മുന്നിൽ കൈനീട്ടി നിൽക്കാൻ സംസ്ഥാനങ്ങൾ യാചകരാണോ എന്ന് ഒരു കാലത്ത് ചോദിച്ചത് താങ്കളായിരുന്നില്ലേ എന്ന് പ്രധാനമന്ത്രിയെ ഓർമ്മപ്പെടുത്തുകയാണ്. നീറ്റിലും മണ്ഡല പുനർനിർണായത്തിലും അമിത് ഷാ ഉറപ്പ് നൽകുമോ എന്നും സ്റ്റാലിൻ ചോദിച്ചു.