
ആന്ധ്രാപ്രദേശ്: വീടിനായി 73 ലക്ഷം വിലവരുന്ന ജനലുകളും വാതിലുകളും സ്ഥാപിക്കാനുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നീക്കം വിവാദത്തിലേക്ക്. അതീവസുരക്ഷ നൽകുന്ന വാതിലുകളും ജനലുകളും വാങ്ങാനുള്ള ഉത്തരവ് കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. മുഖ്യമന്ത്രിയുടെ വീടിന് മേൽ നടത്തുന്ന ഈ ധൂർത്തിനെതിരെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
''മുഖ്യമന്ത്രിയുടെ വീട് മോടി പിടിപ്പിക്കുന്നതിനായി 73 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസങ്ങളിലെ ഭരണത്തിന്റെ തെറ്റായ നടപടികൾ മൂലം ആന്ധ്രയിലെ ജനങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വളരെ ലജ്ജാകരമായ പ്രവൃത്തിയാണിത്.'' ചന്ദ്രബാബു നായിഡു ട്വിറ്ററിൽ കുറിക്കുന്നു. ഒരു രൂപ മാത്രം ശമ്പളം വാങ്ങുന്നയാളാണ് താനെന്ന് പ്രഖ്യാപിക്കുകയും അതേ സമയം സ്വേച്ഛാധിപതിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും നായിഡുവിന്റെ മകൻ നാര ലോകേഷ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മെയ് മാസത്തിലാണ് ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലേറുന്നത്. 3.6 കോടി രൂപയാണ് തന്റെ വീടിന്റെ ഇലക്ട്രിക്കൽ ജോലികൾക്ക് വേണ്ടി ചെലവഴിച്ചത്. അഞ്ച് കോടി ചെലവഴിച്ച് സ്വന്തം വീട്ടിലേക്ക് റോഡ് നിർമ്മിച്ചതും വിവാദമായിരുന്നു. 1.89 കോടി ചെലവ് വരുന്ന ഹെലിപ്പാഡും അദ്ദേഹം നിർമ്മിച്ചിരുന്നു. മാത്രമല്ല വീടിന്റെ ഭംഗിക്ക് തടസ്സമായി നിന്നിരുന്ന ഭൂമി 3.25 കോടി മുടക്കി വിലയ്ക്ക് വാങ്ങുകയും ചെയ്തു. എട്ട് കോടി മുടക്കി ചന്ദ്രബാബു നായിഡു നിർമ്മിച്ച കെട്ടിടം നിയമവിരുദ്ധമാണെന്ന് കാണിച്ച് ജഗൻ മോഹൻ റെഡ്ഡി പൊളിച്ചു നീക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam